sunraise

മുടപുരം: സൺറൈസ് മാദ്ധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ മനോമിക്ക് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി സമ്മാനിച്ചു. കേരളത്തെ നടുക്കിയ കഴിഞ്ഞ പ്രളയ കാലത്ത് ഉരുൾപൊട്ടലുണ്ടായി നിരവധി ജീവനുകൾ അപഹരിച്ച് ഒറ്റപ്പെട്ടുപോയ നിലമ്പൂരിലെ കവളപ്പാറയിലെ വാർത്തകളും വിവരങ്ങളും മലയാളിയുടെയും രക്ഷാപ്രവർത്തകരുടെയും ശ്രദ്ധയിലേക്ക് ഏറ്റവും ആദ്യം എത്തിച്ച മാദ്ധ്യമപ്രവർത്തക എന്ന നിലയിലാണ് പുരസ്കാരം നൽകി ആദരിച്ചത്
സംഘടകസമിതി ചെയർമാൻ എ. അൻവർഷായുടെ അദ്ധ്യക്ഷതയിൽ കിഴുവിലം കട്ടുമുറക്കൽ നടന്ന പൊതുസമ്മേളനവും ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായുള്ള തയ്യൽ മെഷീനുകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും, സൺറൈസിന്റെ 25000 രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറും സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, സൺറൈസ് പ്രസിഡന്റ് ആഷിക് നിസാം തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ അനസ് സ്വാഗതവും സൺറൈസ് സെക്രട്ടറി അമൽ സക്കീർ നന്ദിയും പറഞ്ഞു.