''ഇനീ തീയണച്ചിട്ട് ഇവന്റെ ശരീരം കരുളായി പുഴയിൽ വലിച്ചെറിഞ്ഞേര്. കയത്തിൽ താഴുമ്പോൾ വെന്ത മാംസം മത്സ്യങ്ങൾ വേഗം കൊത്തി തിന്നോളും. പിന്നെ അസ്ഥികൂടം കയത്തിന്റെ അടിത്തട്ടിൽ കിടക്കും."
തമ്പുരാന്റെ ശബ്ദത്തിൽ ആഹ്ളാദം കലർന്നു.
''വല്ല മലവെള്ളപ്പാച്ചിലിലോ കുത്തൊഴുക്കിലോ പെട്ട് ഏതെങ്കിലും സമയത്ത് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ഒഴുകി താഴേക്കു വന്നാലും നമുക്ക് വിഷയം ഉണ്ടാകില്ല."
''എന്നങ്ങ് തീർത്തു വിശ്വസിക്കാൻ വരട്ടെ തമ്പുരാൻ."
പൊടുന്നനെ പാറയ്ക്ക് അപ്പുറത്തുനിന്ന് ഒരു ശബ്ദം.
ബലഭദ്രൻ തമ്പുരാനും ഒപ്പം ഉണ്ടായിരുന്നവരും നടുങ്ങിപ്പോയി.
തമ്പുരാൻ പാറപ്പുറത്തുനിന്നു ചാടിയെഴുന്നേറ്റു.
ജൂബ്ബ മുകളിലേക്കുയർത്തി ഇടുപ്പിൽ നിന്നൊരു പിസ്റ്റൾ വലിച്ചെടുത്തു.
''ഞങ്ങൾ എണ്ണത്തിൽ കൂടുതലാ."
ആ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടെന്നു തോന്നി ബലഭദ്രന്.
കരുതലോടെ അയാൾ ചുറ്റും കണ്ണോടിച്ചു.
അടുത്ത നിമിഷം പാറയ്ക്കു ചുറ്റും ഒരു ഡസനോളം ശിരസ്സുകൾ ഉയർന്നുവന്നു.
നിലാവെളിച്ചത്തിലും ചെമ്പടുപ്പിലെ തീയുടെ വെളിച്ചത്തിലും തമ്പുരാനും അനുയായികളും കണ്ടു, പോലീസ്!
''ഞങ്ങളിൽ എത്രപേരെ വെടിവച്ചിടാൻ കഴിയും തമ്പുരാന്?"
ചോദ്യത്തോടൊപ്പം പാറപ്പുറത്തേക്ക് സി.ഐ അലിയാർ കയറിവന്നു.
തമ്പുരാൻ പിസ്റ്റൾ താഴ്‌ത്തി.
അല്ല അലിയാരേ... എന്റെ മകളെ ചുട്ടുകൊന്ന ഇവനെ ഞാൻ പിന്നെ എന്തുചെയ്യണമായിരുന്നു?"
''തീർച്ചയായും കൊല്ലണം. അതുകൊണ്ടല്ലേ ഞങ്ങൾ ഇത്രയും നേരം കാത്തുനിന്നതും?"
അലിയാർ ഒരു ക്യാമറ ഉയർത്തിക്കാണിച്ചു.
''തുടക്കം മുതൽ ഒടുക്കം വരെ എല്ലാം ഇതിലുണ്ട്."
തമ്പുരാന്റെ കണ്ണുകൾ വല്ലാതെ വെട്ടി. അലിയാർ തന്റെ പക്ഷത്തോ അതോ പ്രജീഷിന്റെ കൂടെയോ?
അലിയാർ തുടർന്നു:
''ഒരു പത്തുതവണയെങ്കിലും കഴുമരത്തിൽ ഏറ്റപ്പെടേണ്ടവനാണ് പ്രജീഷ്. അതുകൊണ്ടു തന്നെയാ ഞങ്ങൾ കാത്തിരുന്നത്. ഇവനെക്കൂടി ജയിലിൽ അയച്ചിട്ട് ജനത്തിന്റെ നികുതിപ്പണം കൊണ്ട് തീറ്റിപ്പോറ്റണ്ടല്ലോ? അവസാനം തിന്നുകൊഴുത്ത് പുറത്തു വരുമ്പോൾ അവൻ പിന്നെയും തുടരും പഴയ ജോലി."
ബലഭദ്രൻ തമ്പുരാന് അല്പം ആശ്വാസം തോന്നി.
എന്നാൽ അലിയാരുടെ അടുത്ത വാചകങ്ങൾ ആ ആശ്വാസത്തെ തല്ലിക്കെടുത്തി.
''പക്ഷേ എല്ലാവരുമിങ്ങനെ സ്വയം കുറ്റവിചാരണയും ശിക്ഷയും നടത്താൻ തുടങ്ങിയാൽ പിന്നെ എന്തിനാണിവിടെ പോലീസ് ഫോഴ്‌സ്? തമ്പുരാൻ ഇവനെ എനിക്കു വിട്ടുതന്നിരുന്നെങ്കിൽ ഞാൻ വെടിവച്ചുകൊന്നേനെ, സർവ്വീസ് റിവോൾവർ കൊണ്ട്."
ബലഭദ്രൻ ഉമിനീർ വിഴുങ്ങി.
''അലിയാരേ... ഞാൻ."
തമ്പുരാന്റെ വാക്കുകൾ മുറിഞ്ഞു.
''തമ്പുരാൻ ചെയ്തതു തെറ്റാണ്. അതിനാൽതന്നെ എനിക്ക് നിങ്ങളെയും കൂട്ടാളികളെയും കസ്റ്റഡിയിൽ എടുക്കാതിരിക്കാനാവില്ല."
ബലഭദ്രൻ തമ്പുരാൻ ഉൽക്കടമായി നടുങ്ങി. എങ്കിലും പറഞ്ഞു.
''നിങ്ങൾ എത്ര ശ്രമിച്ചാലും എനിക്കു ശിക്ഷ വാങ്ങിത്തരാൻ കഴിയില്ല. മകൾ ചുട്ടുകരിക്കപ്പെട്ട ഒരച്ഛന്റെ വേദന കോടതിക്കു മനസ്സിലാകും. എനിക്കുണ്ടായ മാനസികസമ്മർദ്ദവും. ഞാൻ രക്ഷപെട്ടുപോരും അലിയാരേ..."
''എനിക്കതിൽ സന്തോഷമേയുള്ളു." അലിയാർ ചിരിച്ചു. ''കാലം ഓരോരുത്തർക്കും എന്താണു കാത്തുവച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ."
അല്പനേരത്തേക്കു മിണ്ടിയില്ല ബലഭദ്രൻ. പിന്നെ അയാൾ അലിയാർക്കു നേരെ കൈനീട്ടി.
''വിലങ്ങുവയ്ക്കാം."
''അതൊന്നും വേണ്ട. തമ്പുരാനേ. ഞങ്ങൾക്കൊപ്പം വന്നാൽ മതി."
തമ്പുരാനും അനുയായികളും പോലീസ് കസ്റ്റഡിയിലായി.
നാലു പോലീസുകാരെ അവിടെ ഡ്യൂട്ടിക്കു നിർത്തിയിട്ട് സി.ഐ അലിയാരും എസ്.ഐ സുകേശും അടങ്ങുന്ന സംഘം മടങ്ങി.
*****
വടക്കേ കോവിലകം.
ഭ്രാന്തമായ ഭാവത്തിൽ കിടാക്കന്മാരും പരുന്ത് റഷീദും കോവിലകത്തിന്റെ മുക്കും മൂലയും പരിശോധിച്ചു.
ഒരിടത്തും പ്രജീഷിനെയോ നിധിയോ കാണാതെ വന്നപ്പോൾ അവർ ഉറപ്പിച്ചു.
നിധിയുമായി പ്രജീഷ് രക്ഷപെട്ടിരിക്കുന്നു!
''വാതിലുകളൊന്നും തുറക്കാഞ്ഞതിനാൽ അവൻ തട്ടിൻപുറം വഴിയായിരിക്കണം പോയത്."
ശ്രീനിവാസകിടാവ് കടപ്പല്ലമർത്തി.
പരുന്തിനും ഇച്ഛാഭംഗം ഉണ്ടായിരുന്നു. തട്ടിൻപുറം വഴിയുള്ള മാർഗ്ഗം പറഞ്ഞുകൊടുത്തത് താനാണല്ലോ...
പ്രജീഷുമായി ചങ്ങാത്തം കൂടണ്ടായിരുന്നെന്നും നിധിയുമായി താൻ തന്നെ ആ വഴി രക്ഷപെട്ടാൽ മതിയായിരുന്നെന്നും ഇപ്പോൾ പരുന്തിനു തോന്നി.
''അവളറിയാതെ അവൻ പോകില്ല ചേട്ടാ... അവളെക്കൊണ്ട് സത്യം പറയിക്കണം."
ശേഖരൻ പറഞ്ഞു.
''അതുമതി." കിടാവും സമ്മതിച്ചു.
''അവനെങ്ങനെ അടച്ചിട്ട മുറിയിൽ നിന്നു പുറത്തു വന്നെന്നും അറിയണമല്ലോ."
അതുകേട്ടപ്പോൾ പരുന്തിന് ഉൾക്കിടലമുണ്ടായി.
താനുമായി ഉണ്ടാക്കിയ ഉടമ്പടിയെപ്പറ്റി ചന്ദ്രകല പറഞ്ഞാൽ...!
''വാടാ."
ശ്രീനിവാസകിടാവ് ചന്ദ്രകലയുടെ മുറിക്കു നേരെ നടന്നുകഴിഞ്ഞു.
പിന്നാലെ ശേഖരനും.
ഒന്നു ശങ്കിച്ചുനിന്നിട്ട് പരുന്തും ഒപ്പം നീങ്ങി.
കിടാവ് മുറിയുടെ ഓടാമ്പൽ വലിച്ചു നീക്കി.
അകത്ത് വെളിച്ചമുണ്ട്.
കിടാവിനെ കണ്ടതും ചന്ദ്രകല കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റു.
അകത്തേക്കു കുതിച്ചുകയറിയ കിടാവ് അവളുടെ കവിളടക്കം ആഞ്ഞടിച്ചു.
(തുടരും)