oommen-chandy-

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണിയുമായി ചേർന്നുളള സംയുക്ത പ്രക്ഷോഭത്തെ അനുകൂലിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സംയുക്ത പ്രക്ഷോഭത്തിൽ ഇപ്പോഴും കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നാണ് നേതാക്കളുടെ ഈ വാക്കുകളിലൂടെ വ്യക്തമാകുന്നത്. ഉമ്മൻചാണ്ടി കേരളകൗമുദിയോട് സംസാരിക്കുന്നു.

ഒന്നിച്ചുനിൽക്കേണ്ട സമയം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ കൃത്യമായ ഏകീകരണവും വീക്ഷണവും കോൺഗ്രസ് പാർട്ടിക്കുണ്ട്. എല്ലാ ജനാധിപത്യ മതേതര കക്ഷികളും ബി.ജെ.പി സർക്കാരിന്റെ ഫാസിസ്റ്റ് വിരുദ്ധ നയങ്ങൾക്കെതിരെ യോജിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളും ഒരുമിച്ചാണ് രാഷ്ട്രപതിയെ കണ്ടത്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളാകുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും. അതൊക്കെ സ്വാഭാവികമാണ്. അത് മുഴുവൻ തീർത്തിട്ട് ഇവിടത്തെ പ്രതിപക്ഷ കക്ഷികൾക്ക് യോജിക്കാനാകില്ല. ഭരണഘടനയെ നിന്ദിക്കുന്ന, ഇന്ത്യയുടെ പാരമ്പര്യം തകർക്കുന്ന, എല്ലാവർക്കും തുല്യ അവകാശം നിഷേധിക്കുന്ന ജനാധിപത്യ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ടതാണ്. ആ ഒറ്റ പോയിന്റിലാണ് യോജിച്ച് നിൽക്കേണ്ടത്. ബാക്കിയുള്ള അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞ് തീർക്കുക. തീർന്നില്ലെങ്കിൽ അതവിടെ നിൽക്കട്ടെ. രണ്ട് പാർട്ടികൾ തമ്മിൽ യോജിക്കുമ്പോൾ ഇതുവരെയുള്ള എല്ലാ കാര്യവും ഉപേക്ഷിക്കാനാകില്ല. അധികാരം പങ്കിടാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാണ് രാഷ്ട്രീയപാർട്ടികൾ പ്രധാനമായും യോജിക്കുന്നത്.അവിടെ ആശയവും പൊതുമിനിമം പരിപാടിയുമൊക്കെ നോക്കേണ്ടി വരും. എന്നാൽ ഇവിടെ അതല്ല പ്രശ്നം. ജനങ്ങൾക്കും ഈ രാജ്യത്തിനും ഒരു പ്രശ്നം വന്നിരിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടിയാണ് നമ്മൾ ഒരുമിച്ച് നിൽക്കേണ്ടത്. അത് നമ്മുടെ സ്വാതന്ത്രവും ഭരണഘടനയും സംരക്ഷിക്കാൻ വേണ്ടിയാണ്. മറ്റൊരു കാര്യവും നമ്മൾ ഇതുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല.

ഒന്നിക്കേണ്ടിടത്ത് ഒന്നിക്കും

ഇന്ത്യയിലാദ്യമായി ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. ഇന്ത്യ മുഴുവൻ അത് ശ്രദ്ധിച്ചു. മറ്റ് പല സംസ്ഥാനങ്ങളിലും ആക്രമണ മാർഗത്തിലൂടെ സമരം മുന്നോട്ട് പോകുമ്പോൾ ഒന്നിച്ചൊരു സത്യഗ്രഹം നടത്തിയാണ് നമ്മൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയത്. ആ സത്യഗ്രഹം ഈ നിയമത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കുന്നതിന്റെ തെളിവായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ധാരാളം നിയമങ്ങളും നിയമഭേദഗതികളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ഒരു നിയമത്തിനുമെതിരെയും രാജ്യത്ത് നടക്കാത്ത പ്രതിഷേധങ്ങളാണ് ഇന്ന് നടക്കുന്നത്. പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ജനങ്ങൾ വിശ്വസിക്കുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് ഭാരതീയ സംസ്ക്കാരം. അതിന് എതിരാണ് ഈ നിയമം. രാജ്യത്ത് നിന്ന് ഒരു വിഭാഗത്തെ പുറന്തള്ളാനുള്ള ഭേദഗതിയാണിത്. ഇന്ത്യയുടെ മതേതരത്വം പിച്ചിചീന്തുന്ന നടപടിയാണിത്. ഇന്റർനെറ്റ് നിരോധിക്കുക എന്നത് സർക്കാർ ജനങ്ങളെ ഭയക്കുന്നുവെന്നതിന്റെ തെളിവാണ്. ഈ വിഷയത്തിൽ വ്യക്തമായ നിലപാട് കോൺഗ്രസിനുണ്ട്. കേരളത്തിൽ നടക്കുന്ന മനുഷ്യചങ്ങല സി.പി.എമ്മിന്റെ പാർട്ടി പരിപാടിയാണ്. അതുപോലെ കോൺഗ്രസ് ഒട്ടനവധി പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്.അതേസമയം സംയുക്തമായി ചെയ്യേണ്ട പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒരുമിച്ച് നിൽക്കും.അത് ചർച്ച ചെയ്ത് തീരുമാനിക്കും.

സമരം പരാജയപ്പെടരുത്

പൗരത്വ നിയമഭേദഗതി ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല, രാജ്യത്തിന്റെ പ്രശ്നമാണ്. ലോകരാജ്യങ്ങൾക്ക് മുന്നിൽ നമ്മുടെ രാജ്യം നേടിയ നേട്ടങ്ങൾ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. അനേക ലക്ഷം പേർ ജീവത്യാഗം ചെയ്താണ് സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യത്തിന് ശേഷം ഒന്നുമില്ലാതിരുന്ന രാജ്യത്തെ കെട്ടിപ്പെടുക്കാൻ നെഹ്റു തൊട്ട് ഇങ്ങോട്ട് ഒട്ടനവധി നേതാക്കൾ നേതൃത്വം നൽകിയിട്ടുണ്ട്.

ഗവർണറും പ്രതിഷേധക്കാരും ശ്രദ്ധിക്കണം

ഗവർണറെ ഒരു പരിധി വിട്ട് വിമർശിക്കാൻ ഞാൻ തയാറല്ല. പക്ഷേ, സാധാരണഗതിയിലുള്ള ഗവർണറുടെ പ്രവർത്തനശൈലിയിൽ നിന്ന് ചില മാറ്റങ്ങൾ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. അത് ഒഴിവാക്കേണ്ടതായിരുന്നു.അദ്ദേഹത്തിന് സ്വന്തം അഭിപ്രായമുണ്ടാകും. സംസ്ഥാനത്തെ ഭരണഘടന തലവനെന്ന നിലയിൽ അദ്ദേഹത്തിന് അഭിപ്രായം പ്രകടിപ്പിക്കേണ്ട സ്ഥലങ്ങളിൽ പ്രകടിപ്പിക്കാം. ഇപ്പോഴത്തെ അഭിപ്രായ പ്രകടനങ്ങൾ പരിധി വിട്ടോയെന്ന് സംശയമുണ്ട്. അതുപോലെ ഗവർണർക്കെതിരെയുളള പ്രതിഷേധങ്ങൾ പരിധി വിടാൻ പാടില്ല..

ആരോഗ്യരംഗത്ത് ദീർഘവീക്ഷണമില്ല

കേരളത്തിലെ ജനങ്ങളെ ഇന്ന് ഏറ്റവും അലട്ടുന്ന പ്രശ്നം ആരോഗ്യ പ്രശ്നമാണ്.ഏറ്റവും മെച്ചപ്പെട്ട ചികിത്സ സംസ്ഥാനത്ത് ലഭ്യമാണ്. എല്ലാവർക്കും അതിന്റെ ചികിത്സ താങ്ങാനാകുന്നില്ല. ഞാൻ ഇതിനെ കേവലമൊരു ആരോഗ്യ പ്രശ്നമായി മാത്രമല്ല സാമൂഹ്യ പ്രശ്നമായാണ് കാണുന്നത്. സാമ്പത്തികമായി ഉയർന്നവർക്ക് ഇന്ന് ഏത് ചികിത്സയും ലഭ്യമാണ്. പാവപ്പെട്ടവർ പണമില്ലാതെ ആശുപത്രി മുറ്റത്ത് മരിക്കുന്നു.

സാമ്പത്തികരംഗം തകർന്നു

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്ഘടന വളരെ ഗുരുതരമായ സ്ഥിതിയിലാണ്. സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം വിറ്റഴിച്ച് കൊണ്ടിരിക്കുകയാണ്. ബി.പി.സി.എൽ അടക്കം ലക്ഷക്കണക്കിന് കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുകയാണ്. കേരളത്തിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം സ്തംഭനത്തിലാണ്. ചെലവ് ചുരുക്കുന്നതിന് പകരം സർക്കാർ‌ അനാവശ്യ ചെലവുകളാണ് നടത്തുന്നത്.

യു.ഡി.എഫ് സർക്കാർ വരും

അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിശ്ചയമായും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭ തിര‌ഞ്ഞെടുപ്പിലും യു.ഡി.എഫിന് നല്ല പ്രകടനം നടത്താൻ സാധിക്കും.അതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ യു.ഡി.എഫും കോൺഗ്രസും നടത്തുന്നുണ്ട്.

പുന:സംഘടന ഉടൻ

കോൺഗ്രസ്,യൂത്ത് കോൺഗ്രസ് പുന:സഘടനകൾ ഉടനുണ്ടാകും. പുന:സംഘടന നീണ്ടുവെന്നത് ശരിയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നതും അതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പുണ്ടായതുമാണ് പുന:സംഘടന വൈകാൻ കാരണം. ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

പാർട്ടി പറയുന്ന പദവി

കേരള രാഷ്ട്രീയത്തിലേയ്ക്ക് സജീവമാകും എന്ന പ്രചരണങ്ങൾ തെറ്റാണ്.പാർട്ടി എന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം എ.ഐ.സി.സി ജനറൽ സെക്രട്ടറി പദവിയാണ്. ആ ഉത്തരവാദിത്വ‌ത്തിൽ തുടരാനാണ് താത്പര്യം. ആ സ്ഥാനത്ത് നിന്ന് പാർട്ടി മാറ്റുമ്പോൾ മാറും.