പുതിയൊരു ദശാബ്ദത്തിന് തുടക്കം കുറിച്ചു കൊണ്ട് ഒട്ടനവധി സന്തോഷങ്ങളും നിരവധി ആശങ്കകളും നൽകിയ ഒരു വർഷം കൂടി കടന്നു പോവുകയാണ്. ലോകം വിരൽത്തുമ്പിലേക്ക് ഒതുക്കുന്ന ഈ തലമുറ നാളകളെ വരവേൽക്കുന്നത് പഴയ തലമുറയ്ക്ക് മനസിൽപ്പോലും ചിന്തിക്കാൻ കഴിയാത്തത്ര വിസ്ഫോടനങ്ങളുമായിട്ടായിരിക്കും. അത്ര വേഗത്തിലാണ് പുതുതലമുറയുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള പ്രയാണം. അനുദിനം പരിവർത്തനത്തിന് വിധേയമാകുകയാണ് നാമോരോരുത്തരും. ലോകത്തെ ശാസ്ത്രജ്ഞരെല്ലാം പ്രപഞ്ചരഹസ്യം തേടിയുള്ള അന്വേഷണത്തിലാണ്. ഓരോ അടിയും മുന്നോട്ട് വയ്ക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അറിവുകൾ എത്രയോ മഹത്തരമാണ്. പ്രപഞ്ചത്തിലെ സർവ ചരാചരങ്ങൾക്കും അതിന്റേതായ പ്രാധാന്യവും കടമകളും ഒപ്പം അവകാശങ്ങളും ഉണ്ടെന്നുള്ളത് നമുക്ക് കാണാൻ കഴിയും. ഈ ഭൂമിയിലുള്ള ഒന്നും പാഴ്വസ്തുക്കളല്ല. അവയെല്ലാം പ്രപഞ്ചത്തിന്റെ നിലനില്പിന് ആവശ്യവുമാണ്. ഓരോന്നിന്റെ നിലനില്പിന്റെ സ്വഭാവവും ജീവിതത്തിന്റെ കാലദൈർഘ്യവും ഭൂമിയിലുള്ള അവരുടെ ദൗത്യവും അവർക്കുള്ള സ്വീകാര്യതയും നിർവചിക്കപ്പെട്ടിരിക്കുന്നത് എത്ര കൃത്യതയോടെയാണെന്ന് ഇന്ന് നാം കണ്ടെത്തുമ്പോൾ, വരാനിരിക്കുന്ന കൂടുതൽ അദ്ഭുതക്കാഴ്ചകൾക്കു വേണ്ടി നമുക്ക് കാത്തിരിക്കാം. ഒപ്പംതന്നെ അതിനെ പലപ്പോഴും മനുഷ്യൻ അവന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി വരുതിയിലാക്കാനോ, ഗതിതിരിച്ച് വിടാനോ ശ്രമിക്കുമ്പോൾ നാം അഭിമുഖീകരിക്കേണ്ടി വരുന്നത് വിനാശകരമായ പ്രതിഭാസങ്ങളെയാണ്. ഇവയെല്ലാം ഓരോ പുതുവർഷവും ഏറെ അദ്ഭുതവും ആശങ്കയും സൃഷ്ടിക്കാൻ കാരണമാകുന്നു.
2019 ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതും മോദി-അമിത് ഷാ ഇഫക്ടിലൂടെ ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും കാശ്മീർ വിഭജനവും മുത്തലാഖ് നിയമം നടപ്പിലാക്കിയതും ഒടുവിൽ ഇപ്പോൾ പൗരത്വ നിയമഭേദഗതി ബിൽ പാസാക്കിയതും പോയ വർഷത്തെ ചരിത്രമാണ്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ദേശീയ ഭരണനേതൃത്വത്തിലേക്കെത്തിയത് വെറുതേ ഭരണത്തിലിരിക്കാനല്ല പ്രവർത്തിക്കാനാണെന്ന് അടിവരയിട്ട് പറയുന്നതാണ് പോയവർഷത്തെ ഓരോ അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ഇപ്പോൾ ഉയർന്നുവരുന്ന പ്രക്ഷോഭസമരങ്ങൾ കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്കപ്പുറമുള്ള ഒരു വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. അതോടൊപ്പം തന്നെ തുടർച്ചയായി നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെ.പിക്കുണ്ടായ പരാജയവും കേന്ദ്രസർക്കാരിന് തിരുത്തൽ നടപടിക്കുള്ള പ്രചോദനമാകട്ടെ 2020 എന്ന് നമുക്ക് ആശിക്കാം. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ആശങ്കാജനകമാണെന്നുള്ളത് അതീവ പ്രാധാന്യത്തോടെ മനസിലാക്കിയില്ലെങ്കിൽ 2020 അധികഭാരം നൽകുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികൾക്കായിരിക്കും. മുകേഷ് അംബാനിയുടെ വിപണന മൂല്യത്തിന്റെ വളർച്ചയും അനിൽ അംബാനിയുടെ വിപണന മൂല്യത്തകർച്ചയും ദേശസാത്കൃത ബാങ്കുകളുടെ ലയനവും എല്ലാം തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. വരുംനാളുകളിൽ ശരിയായ ആസൂത്രണത്തിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ കെൽപ്പുള്ളവരാണ് രാജ്യം ഭരിക്കുന്നതെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത് അവരുടെ കടമയാണ്. അതേസമയം രാജ്യത്തെ ഏറ്റവും ശക്തവും ജനസമ്മതിയുമുണ്ടായിരുന്ന കോൺഗ്രസിന്റെ നേതൃദാരിദ്ര്യം ഒരു ശക്തമായ പ്രതിപക്ഷത്തിന്റെ കുറവ് അനുഭവപ്പെടുത്തുന്നു എന്നുള്ളത് പരിഹരിക്കേണ്ടത് കോൺഗ്രസിന്റെ കടമയുമാണ്.
2018ലെയും 2019 ലെയും മഹാപ്രളയം കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ സമഗ്രമായ വളർച്ചയെ വളരെയേറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനിടയിൽ ശബരിമല യുവതീപ്രവേശന വിഷയത്തിലും യൂണിവേഴ്സിറ്റി കോളേജ് അക്രമസംഭവങ്ങളും പി.എസ്.സി പരീക്ഷാ ക്രമക്കേടുകളും മാർക്കുദാനവുമെല്ലാം തന്നെ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ പ്രളയ ദുരിതാശ്വാസത്തിലെ സർക്കാരിന്റെ ഏകോപനം ഏറെ പ്രശംസനീയമായിരുന്നു. പൊതുവിദ്യാഭ്യാസത്തിലെ ശക്തമായ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ ഗുണകരമായ ഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസത്തിന് കേരളം കഴിഞ്ഞ വർഷം നൽകിയ കരുതൽ ഒരുപടി കൂടി മുന്നോട്ട് കടന്ന് കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാൻ കഴിഞ്ഞാൽ കേരളം ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാളും മുന്നിലാകും. സാധാരണക്കാരായ കുട്ടികളെക്കൂടി മുന്നിൽക്കണ്ടുകൊണ്ട് അവർക്കാവശ്യമായ നൂതന ആശയങ്ങളും നൈപുണ്യ വികസനവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകത്തക്ക രീതിയിൽ കേരളത്തിലെ വിദ്യാഭ്യാസത്തെ ഡിജിറ്റലൈസ് ചെയ്തുകൊണ്ട് വളരെ കൃത്യതയോടെ മുന്നോട്ടു പോയാൽ നമ്മുടെ നാട് ലോകത്തിനൊപ്പം സഞ്ചരിക്കും. പ്രകൃതിദത്തമായ സൗന്ദര്യമാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ നാടിന്റെ ഹരിതാഭ ഭംഗി നഷ്ടപ്പെടുത്താതെ നഗരവത്ക്കരണവും സുസ്ഥിര വികസനവും സൃഷ്ടിക്കാൻ കഴിയും. അതിനുള്ള ആസൂത്രണമാണുണ്ടാവേണ്ടത്. അതിനുള്ള ഇച്ഛാശക്തിയും കഴിവുമുള്ള നേതൃത്വമാണ് കേരളം ഭരിക്കുന്നത്. കേരളത്തിലെ പല സംഭവങ്ങളിലും പ്രതിപക്ഷത്തെ കൂടെ നിറുത്താനും ശക്തമായ നിലപാടുകൾ സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിഞ്ഞു എന്നുള്ളത് ആശാവഹമാണ്. ''ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത് '' എന്ന ശ്രീനാരായണ ഗുരുദേവന്റെ ഏകലോക മാനവികതയുടെ വിശ്വപ്രകാശം പാർലമെന്റിൽ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയെ മുന്നോട്ടു നയിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ദീർഘവീക്ഷണവും, പരബ്രഹ്മസ്വരൂപനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന ആശയങ്ങളെ മുറുകെ പിടിച്ചുകൊണ്ട് പ്രവർത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയും പ്രതീക്ഷയോടെ നമുക്ക് നോക്കി കാണാം. ഗുരുവിന്റെ ദീപ്തപ്രഭയിൽ ലോകം തിളങ്ങട്ടെ പുതിയൊരു ദശാബ്ദിയുടെ തുടക്കത്തിൽ അതിനായി നമുക്ക് കാത്തിരിക്കാം ഏറെ പ്രതീക്ഷയോടെ...