ഇൗ പുതിയ ആണ്ടുപിറപ്പ് ഏവരിലും ലോകത്തിലും പുതിയ പ്രത്യാശകൾ നാമ്പിടുന്നതായിരിക്കട്ടെ എന്ന് ആശംസിക്കുന്നു ! ഇന്ന് നമ്മൾ കടന്നുപോകുന്നത് പ്രതിസന്ധികളുടേതും സമ്മർദ്ദങ്ങളുടേതുമായ ഒരു സാഹചര്യത്തിലൂടെയാണ്. ഇൗ സാഹചര്യങ്ങളുടെ മുഖ്യമായ ഉറവിടങ്ങൾ രാഷ്ട്രീയവും മതവും തന്നെ. അവ്യക്തത നിറഞ്ഞ മതരംഗം രാഷ്ട്രീയത്തിലെ അധികാരഭ്രമത്തിന് വലിയൊരളവുവരെ ഒത്താശ ചെയ്യുന്നുണ്ട്. അതിനാൽ ഇൗ രംഗം ശുദ്ധീകരിക്കേണ്ടതും സൗഹാർദ്ദപൂർണമായ ജീവിതം ഉറപ്പു വരുത്തേണ്ടതും അനിവാര്യമായി വന്നിരിക്കുന്നു. അതിന് വേണ്ടത് മതജീവിതത്തിൽ കാലക്രമംകൊണ്ട് അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ തുടച്ചുനീക്കി, സ്വച്ഛമായ ധാരണ മതരംഗത്തുണ്ടാക്കിത്തീർക്കുകയാണ്.
ഇതിനെന്താണ് വഴി? നാരായണഗുരുദർശനത്തിന് ഇതിൽനിന്ന് ലോകത്തെ രക്ഷിക്കാനാവും എന്ന കാഴ്ചപ്പാടുള്ളവരും, വ്യത്യസ്ത മതസാഹചര്യങ്ങളിൽ നിന്നു വരുന്നവരും, വിദ്വാന്മാരുമായ ചിലർ ഞങ്ങളെ സമീപിക്കുകയും എന്തെങ്കിലും ഇക്കാര്യത്തിൽ ത്യാഗമനസ്സോടും അർപ്പിതമനസ്സോടുംകൂടി ചെയ്തേ മതിയാവൂ എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഞങ്ങളുടെ കൂട്ടായ ആലോചനയിൽനിന്ന് ഒരാശയം രൂപം കൊണ്ടു. എല്ലാ മതവിഭാഗങ്ങളിലും പെടുന്ന സമാനമനസ്കരായ പണ്ഡിതന്മാർ ചേർന്ന് നാടിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിച്ചും നവമാദ്ധ്യമങ്ങൾ ഉപയോഗിച്ചും ജനങ്ങൾക്ക്, അവരവർ വിശ്വസിക്കുന്ന മതങ്ങളെ സംബന്ധിച്ചും മറ്റു മതങ്ങളെ സംബന്ധിച്ചും മൗലികമായ അറിവുണ്ടാകുന്നതരത്തിൽ ഉദ്ബോധനം നൽകുക. ഇത് മറ്റു മതങ്ങളെ സ്നേഹിക്കാനും ആദരിക്കാനും എല്ലാ മതവിശ്വാസികളെയും പ്രാപ്തരാക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഉന്നതസ്ഥാനീയരായ ചിലരെ ഇക്കാര്യമറിയിച്ചപ്പോൾ വളരെ ആവേശപൂർവകമായ സഹകരണമാണ് എല്ലാവരിൽ നിന്നും ഉണ്ടായത്. അത് ഞങ്ങൾക്ക് കൂടുതൽ ധൈര്യം നൽകി.
ഇൗയൊരു സംരംഭം കേരളത്തിൽമാത്രം ഒതുക്കി നിറുത്തണമെന്ന ഉദ്ദേശ്യമില്ല. കേരളം കേന്ദ്രമാക്കി തുടങ്ങുന്ന ഇൗ ഉദ്യമം ഫലപ്രദമാകുന്നു എന്നു കണ്ടാൽ, ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ലോകത്തിന്റെ തന്നെ വ്യാപകതയിലേക്കും ഇതിന്റെ പ്രയോജനം കൊണ്ടെത്തിക്കാൻ സാധിച്ചേക്കും.
നാരായണ ഗുരുവിന്റെ 'പലമതസാരവുമേകം" എന്ന വാക്കുകളും , ആലുവാ അദ്വൈതാശ്രമത്തിൽ 1924-ൽ നടന്ന സർവമതസമ്മേളനത്തിന്റെ അന്ത്യത്തിൽ ഗുരു നൽകിയ 'എല്ലാവരും എല്ലാ മതവും പഠിക്കണം" എന്ന സന്ദേശവുമാണ് ഇക്കാര്യത്തിൽ ഞങ്ങൾക്ക് മാർഗദീപമായിട്ടുള്ളത്.
നാരായണഗുരുകുലം നിവൃത്തിമാർഗപ്രധാനമായ ഒരു ആദ്ധ്യാത്മിക പ്രസ്ഥാനമാണ്. അതിനാൽ ആശയപരമായ മാർഗനിർദ്ദേശങ്ങൾ നൽകികൊണ്ട് പിന്നിൽനിന്ന് സഹായിക്കാൻ മാത്രമേ ഗുരുകുലത്തിന് സാധിക്കുകയുള്ളു. നാരായണഗുരുകുലത്തിന്റ ആൾബലവും സമ്പദ്ബലവും വച്ചുനോക്കിയാൽ അത്രമാത്രമേ സാധിക്കുകയുമുള്ളു. ഇതിന്റെ സദുദ്ദേശ്യത്തിൽ ഞങ്ങൾക്കുള്ള താത്പര്യത്തിൽ കുറവൊട്ടുവരുകയുമില്ല.
'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാമിത്"
എന്ന നില ഇൗ ലോകത്തിന് കൈവരുന്നതിൽ തത്പരരല്ലാത്ത സുമനസ്സുകൾ ആരുമുണ്ടാവില്ലെന്ന ബോദ്ധ്യം ഞങ്ങൾക്കുണ്ട്. അവരുടെയെല്ലാം അകമഴിഞ്ഞ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന ഉറപ്പോടുകൂടിത്തന്നെയാണ് ഞങ്ങൾ ഇൗ കൂട്ടായ തീരുമാനമെടുത്തത്.
ഇൗ പ്രതീക്ഷയോടുകൂടി 'ദർശനസമന്വയ വേദി" (Forum of Integrating Vision) എന്ന് ഞങ്ങൾ പേരിടുന്ന ഇൗ ഉദ്ബോധനസംരംഭം ഇൗ ആണ്ടു പിറപ്പോടുകൂടി രൂപംകൊള്ളുന്നതായി ഇൗ സന്ദർഭത്തിൽ പ്രഖ്യാപിക്കുന്നു.
നമ്മുടെയെല്ലാം ഇൗ പ്രത്യാശ ലോകത്തിന്റെ പുതിയൊരു പ്രത്യാശയായി ഭാവം പകരട്ടെയെന്ന പ്രാർത്ഥനയോടുകൂടി,
എല്ലാവർക്കും ഇൗ ആണ്ടുപിറപ്പിൽ ആശംസകൾ നേരുന്നു.
ലേഖകന്റെ ഫോൺ: 0470 2602398
email:gurukulavarkala@gmail.com