ആറ്റിങ്ങൽ: സ്ത്രീകളുടെ രാത്രി നടത്തം പരിപാടിയിൽ ആറ്റിങ്ങൽ ടൗണിൽ നൂറോളം വനിതകൾ പങ്കെടുത്തു. "പൊതുഇടം എന്റേതും" എന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പും ആറ്റിങ്ങൽ നഗരസഭയും ചേർന്ന് എട്ട് കേന്ദ്രങ്ങളിൽ നിന്നാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ആലംകോട്, തോട്ടവാരം, കൊല്ലമ്പുഴ, ചെറുവള്ളിമുക്ക്, മാമം, ടോൾമുക്ക്, അവനവഞ്ചേരി, കിഴക്കേ നാലു മുക്ക്, എന്നീ കേന്ദ്രങ്ങളിൽ നിന്ന് രാത്രി 11 ന് ആരംഭിച്ച പരിപാടി നഗരസഭാങ്കണത്തിൽ സമാപിച്ചു. നഗരസഭാങ്കണത്തിൽ ചെയർമാൻ എം. പ്രദീപ് സംഘാംഗങ്ങളെ സ്വീകരിച്ചു. ടെക്നോപാർക്കിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. തുടർന്ന് മെഴുകുതിരി കത്തിച്ച് പ്രതിജ്‌ഞ എടുത്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ജമീല, മുൻ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരായ സി.ഡി.പി.ഒ എ.ആർ. അർച്ചന, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.എസ്. ശ്രീരശ്മീ, നഗരസഭാ വാർഡ് കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.