തിരുവനന്തപുരം: ഈഞ്ചയ്ക്കൽ ജംഗ്ഷനിലുള്ള മാൻഹോൾ നിറഞ്ഞ് വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം ഒഴുകിയിട്ടും മാലിന്യം നീക്കാൻ നടപടി സ്വീകരിക്കാത്ത ദേശീയപാതാ അതോറിറ്റിയിൽ നിന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. വള്ളക്കടവ്, കാരാളി, ഈഞ്ചയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലുള്ള 500 ഓളം വീടുകളിലെയും നൂറിൽപരം സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഈഞ്ചയ്ക്കലിലുള്ള മാൻഹോളിലാണ് വന്നുചേരുന്നത്. ഈ മാൻഹോൾ വർഷങ്ങൾക്കു മുമ്പുതന്നെ ബ്ലോക്കായതിനാൽ മാലിന്യങ്ങൾ അതത് സ്ഥലങ്ങളിൽ നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ്. ദുർഗന്ധം കാരണം വീടുകളിൽ താമസിക്കാൻ കഴിയുന്നില്ല. മാരകമായ രോഗങ്ങൾ പടരാനും കാരണമാകുന്നു. കുര്യാത്തിയിലെ ഡ്രെയിനേജ് ഡിവിഷനിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. ദേശീയപാതയിലെ ഡ്രെയിനേജ് കുഴിക്കണമെങ്കിൽ ദേശീയപാതാ അതോറിറ്റിയാണ് അനുവാദം നൽകേണ്ടത്. എന്നാൽ ദേശീയപാതാ അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു.