പാറശാല: അകാലത്തിൽ വിട പറഞ്ഞ സഹപാഠിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി പാറശാല ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് മാതൃകയായി. കിടക്കയിൽ പാമ്പുകടിയേറ്റ് മരിച്ച ചെങ്കൽ മാച്ചിയോട് കാഞ്ഞിരക്കാട്ട് വീട്ടിൽ അനുഷ്‌മ (16) യുടെ കുടുംബത്തിനാണ് സഹപാഠികൾ സ്വരൂപിച്ച ധനം ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകിയത്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന അനുഷ്‌മ കഴിഞ്ഞ സെപ്തംബർ ഒന്നിനാണ് പാമ്പ് കടിയേറ്റ് മരിച്ചത്. അനുഷ്‌മയുടെ ഓർമ്മക്കായി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടെയും പി.ടി.എയുടെയും മറ്റു സുമനസുകളുടേയും സഹകരണത്തോടെ സ്വരൂപിച്ച രണ്ടര ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. വീടിന്റെ താക്കോൽ ദാനകർമ്മം എൻ.എസ്.എസ് ലീഡർ കുമാരി അഞ്ജലി ഉണ്ണി അനുഷ്മയുടെ അമ്മ മെറ്റിൽഡക്ക് കൈമാറി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.കെ. ബെൻ ഡാർവിൻ, പ്രിൻസിപ്പൽ എൽ. രാജദാസ്, പ്രോഗ്രാം ഓഫീസർ ടി.ആർ. വിജയകുമാർ, ഹെഡ്മിസ്ട്രസ് ചന്ദ്രിക, പി.ടി.എ പ്രസിഡന്റ് അരുൺ, വൈസ് പ്രസിഡന്റ് ജയറാം, മറ്റ് പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.