തിരുവനന്തപുരം: മതനിരപേക്ഷ രാഷ്ട്രത്തെ മത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് പൗരത്വ നിയമഭേഗതിയെന്ന് സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷ്. സംയുക്ത പ്രക്ഷോഭം വേണ്ടന്ന നിലപാട് തിരുത്തിയില്ലെങ്കിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ കോൺഗ്രസിൽ ഒറ്റപ്പെടും. എം.ബി രാജേഷ് ഫ്ളാഷിനോട് സംസാരിക്കുന്നു..
മതരാഷ്ട്രമാക്കാനുള്ള ശ്രമം
ന്യൂനപക്ഷങ്ങളെയോ കുടിയേറ്റക്കാരെയോ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല പൗരത്വ നിയമ ഭേദഗതി. ഇത് ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയാണ്. മതപ്രശ്നമുണ്ടായാൽ മാത്രമേ വർഗീയ ഭിന്നിപ്പുണ്ടാക്കാൻ സാധിക്കൂ. അതിന് ആർ.എസ്.എസിനെ സഹായിക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ഈ നിയമഭേഗതി നടപ്പാക്കിയത്. രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം തകർക്കുന്ന നടപടിയാണിത്. ന്യൂനപക്ഷങ്ങളെ മാത്രമല്ല, എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണിത്.അതുകൊണ്ടാണ് ഈ ഭേദഗതിയെ എല്ലാവരും ചേർന്ന് എതിർക്കണമെന്ന് പറയുന്നത്. മതനിരപേക്ഷ രാഷ്ട്രത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണിത്.
കേരളം ഒറ്റക്കെട്ട്
ജനാധിപത്യപരവും സമാധാനപരവുമായാണ് കേരളം പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരുമിച്ചത്. അങ്ങനെ മാത്രമേ ഈ സമരം വിജയത്തിലെത്തിക്കാൻ സാധിക്കൂ. കക്ഷി രാഷ്ട്രീയത്തിനും മതത്തിനും അതീതമായ യോജിപ്പാണ് ഈ വിഷയത്തിൽ വേണ്ടത്. രാഷ്ട്രീയ പാർട്ടികൾക്ക് ഓരോ വിഷയങ്ങളുടെയും പുറത്ത് വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകും. പക്ഷേ, നാടിന്റെ താത്പര്യത്തിനായി രാഷ്ട്രീയപാർട്ടികൾ വിശാലമനസോടെ ചിന്തിക്കണം. അതിന്റെ ഏറ്റവും വലിയ തെളിവാണ് പൗരത്വ നിയമ ഭേഗതിക്കെതിരെ കേരള നിയമസഭ സംയുക്തമായി പാസാക്കിയ പ്രമേയം. ജനുവരി 26ന് നടക്കുന്ന മനുഷ്യചങ്ങലയിലും കേരളത്തിലെ വിശാലമായി ചിന്തിക്കുന്ന ജനങ്ങളുടെ അണിനിരക്കലുണ്ടാകും.
തിരുത്തിയില്ലെങ്കിൽ ഒറ്റപ്പെടും
കോൺഗ്രസിലെ വലിയൊരു വിഭാഗം വിവേകമതികളായ നേതാക്കളും പ്രവർത്തകരും യോജിച്ച സമരം വേണമെന്ന അഭിപ്രായക്കാരാണ്. ബാക്കിയുള്ളവർ സങ്കുചിതമായി ചിന്തിക്കുന്നത് കൊണ്ടാണ് സി.പി.എം വിരോധത്തിന് മുൻതൂക്കം നൽകുന്നത്. സി.പി.എമ്മും കോൺഗ്രസും മാത്രം യോജിക്കുക എന്നതല്ല, നമ്മൾ എല്ലാവരും യോജിക്കേണ്ടതാണ്. മതനിരപേക്ഷമായി ചിന്തിക്കുന്നവരുടെ യോജിപ്പ് ഈ രാജ്യത്തിന്റെ താത്പര്യത്തിനുവേണ്ടി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കോൺഗ്രസുമായി സഹകരിക്കുന്നതിനോട് സി.പി.എമ്മിനുള്ളിൽ എതിർപ്പില്ല. അത് ഞങ്ങൾക്ക് കോൺഗ്രസിനോട് എതിർപ്പ് ഇല്ലാത്തത് കൊണ്ടല്ല. വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസം അവരോടുണ്ട്. പക്ഷേ, യോജിപ്പുണ്ടാകണം എന്ന ആവശ്യത്തിന്റെ പുറത്താണത്. ഹൃദയചുരുക്കം വന്നവരെ പോലെ ചിന്തിക്കുന്ന മുല്ലപ്പള്ളിയെപോലുള്ളവർ അവരുടെ നിലപാടുകൾ തിരുത്തണം. അല്ലെങ്കിൽ അവർ കോൺഗ്രസിനകത്തു തന്നെ ഒറ്റപ്പെടും.
കേന്ദ്ര പ്രതികരണത്തെ ചെറുക്കും
സമരങ്ങളെ ചെറുക്കാൻ പ്രധാനമന്ത്രി പറയുന്ന ഓരോ കള്ളവും അവർക്ക് തന്നെ തിരിച്ചടിയാവുകയാണ്. അതാണ് പ്രതിപക്ഷ സമരങ്ങളുടെ കരുത്ത്. മോദി പറയുന്നതെല്ലാം നുണയും വസ്തുതാ വിരുദ്ധവുമാണെന്ന് ഇവിടത്തെ ജനം തിരിച്ചറിയുന്നുണ്ട്. സമരത്തെ ചെറുക്കാൻ താൻ പരാജയപ്പെട്ടുവെന്ന് മനസിലായപ്പോഴാണ് മോദി സിൽബന്ധികളെ രംഗത്തിറക്കിയത്. പൗരത്വ വിഷയത്തിൽ മോദി പറയുന്നതെല്ലാം കളവാണെന്ന് ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ദേശീയ മാദ്ധ്യമങ്ങൾ വരെ പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെയും അദേഹത്തിന്റെ അണികളുടെയും കള്ളങ്ങൾ ഒന്നൊന്നായി തകർന്ന് വീഴുകയാണ്. എൻ.ആർ.സി നടപ്പാക്കില്ലെന്ന് മോദി പറയുമ്പോൾ നടപ്പാക്കുമെന്നാണ് അമിത്ഷാ പറഞ്ഞത്. പൗരത്വ നിയമവും എൻ.ആർ.സിയും തമ്മിൽ ബന്ധമില്ലെന്ന് മോദി പറഞ്ഞപ്പോൾ രണ്ടും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്നായിരുന്നു ഷായുടെ പ്രതികരണം. രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്നാണ് മോദി പറഞ്ഞത്. എന്നാൽ, അസമിൽ ഉൾപ്പടെയുള്ള തടങ്കൽ പാളയങ്ങൾ നമ്മൾ കണ്ടതാണ്.
വെറും രാഷ്ട്രീയക്കാരനാകരുത്
സംസ്ഥാനത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളെല്ലാം ഗവർണറുടെ നടപടിക്കെതിരാണ്. കേരളത്തിൽ ഗവർണർ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതിനുമുമ്പും ബി.ജെ.പി സർക്കാർ നിയമിച്ച ഒരു ഗവർണർ കേരളത്തിലുണ്ടായിരുന്നു. എന്നാൽ, പദവിയുടെ അന്തസുയർത്തി പിടിച്ചായിരുന്നു സദാശിവം പ്രവർത്തിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായെത്തി ചുരുങ്ങിയ ദിവസത്തിനുള്ളിൽ വിവാദ നായകൻ ആവുകയായിരുന്നു. അതുതന്നെ ഒരു രാഷ്ട്രീയ അജണ്ടയെന്ന് വ്യക്തമാണ്. ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ഗവർണർ എഴുതി തയാറാക്കിയ പ്രസംഗത്തിന് പുറമേ നടത്തിയ പ്രസംഗം അദ്ദേഹം വെറും രാഷ്ട്രീയക്കാരനാണ് എന്നതിന്റെ തെളിവാണ്. മഹാരാഷ്ട്രയിലും കർണാടകയിലും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഗവർണർ പദവിയുടെ അധ:പതനം നാം കണ്ടതാണ്. ആ പട്ടികയിലേയ്ക്ക് കേരളവും എത്തി നിൽക്കുകയാണ്.