ഉത്പാദന മേഖല തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അടുത്ത അഞ്ചുവർഷം മുന്നിൽക്കണ്ട് 102 ലക്ഷം കോടി രൂപയുടെ വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 എത്തുമ്പോൾ രാജ്യത്തെ അഞ്ചുലക്ഷം കോടി ഡോളറിന്റെ വികസന ലക്ഷ്യത്തിലെത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രഖ്യാപനം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. 102 ലക്ഷം കോടിയുടെ വികസന പദ്ധതികളിൽ ഏതാണ്ട് പകുതിയോളം ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഊർജ്ജം, റെയിൽവേ, ഗ്രാമീണ ജലസേചനം, വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക - ഭക്ഷ്യസംസ്കരണം, നഗരവികസനം, ഐ.ടി വികസനം, ഗതാഗതം തുടങ്ങിയ മേഖലകളിലായിരിക്കും വൻതോതിലുള്ള നിക്ഷേപങ്ങൾ വരാൻ പോകുന്നത്. ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യ മേഖലയും ചേർന്നായിരിക്കും. 39 ശതമാനം എന്ന തോതിലായിരിക്കും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിഹിതം. 22 ശതമാനം സ്വകാര്യ മേഖലയിൽ നിന്നാകും. ഊർജ്ജമേഖലയ്ക്കാകും ഏറ്റവും ഉയർന്ന വിഹിതം ലഭിക്കാൻ പോകുന്നത്. 102 ലക്ഷം കോടി രൂപയിൽ 24 ശതമാനം ഊർജ്ജ ഉത്പാദന പദ്ധതികളിലായിരിക്കും മുടക്കുന്നത്. ദേശീയ പാതകളുൾപ്പെടെ റോഡുകളുടെ വികസനത്തിന് 19 ശതമാനം നീക്കിവയ്ക്കും. നഗരങ്ങളിലെ അടിസ്ഥാന വികസന പദ്ധതികൾക്ക് 16 ശതമാനവും റെയിൽവേക്ക് 13 ശതമാനവും വിഹിതം ലഭിക്കുമ്പോൾ ഗ്രാമീണ അടിസ്ഥാന വികസനത്തിന് എട്ടു ശതമാനമാണ് നീക്കിവയ്ക്കുന്നത്. ജലസേചന പദ്ധതികളുടെ വിപുലീകരണത്തിനും ലഭിക്കും പത്തുലക്ഷത്തോളം കോടി രൂപ. പതിനെട്ടു സംസ്ഥാനങ്ങളിലാകും ഇതനുസരിച്ചുള്ള നിക്ഷേപങ്ങൾ ചെന്നുചേരുക. അവയുടെ പട്ടിക പുറത്തുവിട്ടിട്ടില്ല.
രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി പ്രഖ്യാപിച്ച വികസന പദ്ധതികൾ എങ്ങനെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയുമെന്ന വലിയ ചോദ്യം ഉയരുന്നുണ്ട്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മൂന്നു മാസമേയുള്ളൂ. പതിമൂന്നരലക്ഷം കോടി രൂപയുടെ നിക്ഷേപം അടിസ്ഥാന വികസന മേഖലയിൽ ഈ മൂന്നു മാസം കൊണ്ട് ഉണ്ടാകുമെന്ന പ്രഖ്യാപനം സന്ദേഹം ജനിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും വ്യാവസായിക മേഖല ഒന്നടങ്കം കിതച്ച് അവശനിലയിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ. പ്രധാന വ്യവസായങ്ങളുടെയെല്ലാം വളർച്ച ഇപ്പോൾ താഴോട്ടാണ്.
മുംബയ് - അഹമ്മദാബാദ് അതിവേഗ റെയിൽപ്പാത ഉൾപ്പെടെ നിരവധി നിർമ്മാണങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. ഇവയ്ക്കെല്ലാം കൃത്യമായ ഇടവേളകളിൽ ആവശ്യമായ ഫണ്ട് എത്തിക്കുന്നതിനെ ആശ്രയിച്ചാകും അവയുടെ പൂർത്തീകരണം. ധനവകുപ്പിലെ സാമ്പത്തികകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. ഈ സമിതി തന്നെ പദ്ധതിക്കാവശ്യമായ പണം കണ്ടെത്താനുള്ള മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പക്കലുള്ള ഭൂമി വിറ്റും പാട്ടത്തിനു നൽകിയും പണം സംഭരിക്കാം. ടോൾ സേവന മേഖലകളിൽ അധികം യൂസർ ഫീ തുടങ്ങിയവ വഴിയും പണം കണ്ടെത്താനാകും. രാജ്യത്ത് ഈയിടെ നടപ്പാക്കിയ ഫാസ് ടാഗ് സമ്പ്രദായം വഴി ഒരു ദിവസം 54 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. ഹൈവേ വികസനത്തിന് വലിയ സഹായകമാകും ടോൾ വരുമാനം.
പുതിയ അടിസ്ഥാന വികസന പദ്ധതികളിൽ കേരളം ഉൾപ്പെടുമോ എന്ന് അറിവായിട്ടില്ല. സംസ്ഥാനം ഈയിടെ പൂർത്തിയാക്കിയ ഗ്യാസ് പൈപ്പ് ലൈൻ, ദേശീയ പവർഗ്രിഡ് തുടങ്ങിയവ ഇതിൽ പെടുത്താവുന്നവയാണ്. എന്നാൽ ദശകങ്ങളായി ഒരിഞ്ചു പോലും മുന്നോട്ടുപോകാത്ത ദേശീയപാത വികസനം സഫലമാകണമെങ്കിൽ കേരളവും കേന്ദ്ര പട്ടികയിൽ ഇടം പിടിക്കേണ്ടതുണ്ട്. ജനങ്ങളുടെയും സർക്കാരിന്റെയും ഭാഗത്തുണ്ടായ നിസഹകരണവും എതിർപ്പിന്റെ രാഷ്ട്രീയവുമെല്ലാം കാരണമാണ് ദേശീയ പാത വികസനം വഴിമുട്ടിയതെന്ന് എല്ലാവർക്കുമറിയാം. അവസരങ്ങൾ തുടർച്ചയായി നഷ്ടപ്പെടുത്തിയതിന്റെ ദോഷം ഇപ്പോൾ ഏവരും മനസിലാക്കുന്നുണ്ട്. അതുപോലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, നഗരവികസനം തുടങ്ങിയ മേഖലകളിൽ കേരളവും വികസനം കാത്തുകഴിയുകയാണ്. രാഷ്ട്രീയ എതിർപ്പുകൾ മാറ്റിവച്ച് ഏവരും ഒന്നിച്ചു നിന്നു ആവശ്യപ്പെട്ടാലേ പല കാര്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാവൂ.
അടിസ്ഥാന വികസന പദ്ധതികളുടെ കാര്യത്തിൽ കേരളത്തിന്റെ നില മെച്ചമൊന്നുമല്ല. പാത വികസനത്തിലെ തടസങ്ങളാണ് ഇതിൽ പ്രധാനം. വാനോളം മുട്ടുന്ന ഭൂമി വിലയാണ് പാത വികസനത്തിന് തടസമാകുന്നത്. ഇത് എങ്ങനെ മറികടക്കാനാകുമെന്ന് പരിശോധിക്കണം. തുടങ്ങിവച്ച പാത വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നടപടി വേണം. കിഫ്ബി ഏറ്റെടുത്ത പദ്ധതികൾക്കും ഇപ്പോഴുള്ള സ്പീഡ് പോരാ.
പാളത്തിൽ നിന്നു തെന്നിമാറിയ സമ്പദ് വ്യവസ്ഥയെ വീണ്ടും പാളത്തിലാക്കാനുള്ള കഠിന ശ്രമത്തിലാണ് കേന്ദ്ര ധനമന്ത്രി. ഇതിനകം പല ഘട്ടങ്ങളിലായി കൊണ്ടുവന്ന ഉത്തേജക പാക്കേജുകൾ ആശിച്ച ഫലങ്ങൾ സൃഷ്ടിച്ചില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുകയാണ്. അഞ്ചുവർഷത്തിനകം അഞ്ചുലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിന് അടുത്തെങ്കിലും എത്തണമെങ്കിൽ അതിന് അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്.