തിരുവനന്തപുരം: സാധാരണ മനുഷ്യരെ മനസിൽ കണ്ട് പുതുവർഷത്തിൽ നടപ്പാക്കാൻ കഴിയുന്ന യാഥാർത്ഥ്യബോധമുള്ള ചില പ്രഖ്യാപനങ്ങൾ 2020ലെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രഖ്യാപനങ്ങൾ ഇവയാണ്.
1,
വീടില്ലാത്തവർക്കും റേഷൻകാർഡ്
റേഷൻ കാർഡില്ലാത്ത പാവപ്പെട്ടവർക്കെല്ലാം കാർഡ് നൽകും. പുതുവർഷത്തെ സർക്കാരിന്റെ പ്രധാന ചുമതല ഇതായിരിക്കും. വീടില്ലാത്തവർക്കും വീടിന് നമ്പരില്ലാത്തവർക്കും കാർഡ് ലഭിക്കും.
2
തകർന്ന റോഡുകൾ നന്നാക്കും
തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ മേയ് മാസത്തിനകം പൂർത്തിയാക്കും. അതിനകം പൂർത്തിയാക്കാൻ കഴിയാത്തവ മഴ കഴിഞ്ഞ് ഡിസംബറിനുള്ളിൽ പൂർത്തിയാക്കും.
3
വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി
വിദേശ രാജ്യങ്ങളിലെ മാതൃകയിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി സാദ്ധ്യതകൾ സൃഷ്ടിക്കും. ജോലി ചെയ്ത് പഠനം നടത്താമെന്ന സംസ്‌കാരം വളർത്തിയെടുക്കും. തദ്ദേശ സ്ഥാപനങ്ങൾ മുഖേന തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കും. യൂത്ത് ലീഡർഷിപ്പ് അക്കാഡമി സ്ഥാപിക്കും.
4
പരാതികൾ തീർക്കാൻ അദാലത്ത്
പൊതുജനങ്ങളുടെ കെട്ടിക്കിടക്കുന്ന പരാതികൾ മുഴുവൻ ഈ വർഷം തീർപ്പാക്കും.താലൂക്ക് തലത്തിൽ അദാലത്തുകൾ സംഘടിപ്പിച്ചാവും പരാതികൾ പരിഹരിക്കുക. മന്ത്രിമാരും അദാലത്തുകളിൽ പങ്കെടുക്കും. അതത് ജില്ലാ കളക്ടർമാർക്കാവും ചുമതല.
5
പച്ചപ്പ് വീണ്ടെടുക്കും
കേരളത്തിന്റെ പുനർനിർമ്മിതിയിൽ പച്ചപ്പ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി 37 കോടി വൃക്ഷത്തൈകൾ ഈ വർഷം വച്ചുപിടിപ്പിക്കും. വൈദ്യുതി ലാഭിക്കാൻ തെരുവ് വിളക്കുകൾ മുഴുവൻ എൽ.ഇ.ഡിയാക്കും
6
സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ
യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രിയിൽ ഉറങ്ങുന്നതിനും, പ്രഭാത ഭക്ഷണം അടക്കം ലഭ്യമാക്കുന്നതിനും എല്ലാ പട്ടണങ്ങളിലും നഗരസഭകളുടെ നേതൃത്വത്തിൽ സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ സ്ഥാപിക്കും. വ്യത്യസ്ത സൗകര്യങ്ങളുള്ള വഴിയോര വിശ്രമ കോംപ്ലക്സുകളും, സംസ്ഥാനത്തുടനീളം 12, 000 ടോയ്‌ലെറ്റുകളും സ്ഥാപിക്കും.
7
വ്യവസായ സംരക്ഷണ സേന
സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലമാക്കും. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്ക് നൽകുന്നതിനു തുല്യമായ പരിശീലനം നൽകും.
.