orthodox-

തിരുവനന്തപുരം:ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിൽ തർക്കമുള്ള പള്ളികളിൽ ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങൾക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാൻ നിയമപരമായ അവകാശം ലഭ്യമാക്കും.ഇത് സംബന്ധിച്ച ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

ഓർത്തഡോക്സ്, യാക്കോബായ സഭാ തർക്കത്തിൽ സമവായമില്ലാതാവുകയും, സമീപകാലത്ത് മൃതദേഹം അടക്കം ചെയ്യുന്നതിൽ കാലതാമസവും തർക്കങ്ങളും ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രശ്ന പരാഹാരമായി സർക്കാർ ഓർഡിനസ് കൊണ്ടുവരുന്നത്. സഭാ തർക്കത്തിൽ മറ്റു സഭാധികാരികളും സർക്കാരും ഗവർണറുമെല്ലാം സമവായത്തിനു ശ്രമിച്ചെങ്കിലും ഒരു വിഭാഗം സഹകരിക്കാത്തതിനാൽ വിഫലമായിരുന്നു.

ഓർഡിനൻസ് അനുസരിച്ച് , മരണമടഞ്ഞ ഇടവക അംഗത്തിന്റെ ബന്ധുക്കൾക്ക് മരണാനന്തര ചടങ്ങുകൾ ആ ഇടവക പള്ളി സെമിത്തേരിയിൽ വേണ്ടെന്നു വയ്ക്കാനും അവർക്കു താത്പര്യമുള്ള പുരോഹിതനെക്കൊണ്ട് അവർ തിരഞ്ഞെടുക്കുന്ന മറ്റു സ്ഥലങ്ങളിൽ നടത്താനും അവകാശമുണ്ടാകും.


സഭാതർക്കത്തിൽ സുപ്രീംകോടതിയിൽ നിന്ന് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂല വിധി വന്നതിന് പിന്നാലെയാണ് കല്ലറ തർക്കം ഉടലെടുത്തത്. മൃതദേഹവുമായി യാക്കോബായ വിഭാഗം സമരം നടത്തുകയും ചെയ്തിരുന്നു.

ഇതിന് പുറമെ കേരള വിദ്യാഭ്യാസ ഭേദഗതി ,കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് , കേരള ജി.എസ്.ടി. ഭേദഗതി ,കേരള മിനറൽസ് ഒാർഡിനൻസുകൾ പുനർ വിളംബരം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.