ഇന്ത്യ ദിനംപ്രതി കുറ്റകൃത്യങ്ങൾ പെരുകുന്ന രാജ്യമായി മാറുകയാണ്. ഇക്കാര്യത്തിൽ കേരളവും തെല്ലും പിന്നിലല്ല. വിവിധ പ്രസ്താവനകളിലെ കാലതാമസവും ശിക്ഷാ ഇളവുകളുമാണ് ഇന്ന് മനുഷ്യനെ മൃഗമാക്കി മാറ്റുന്നത്.
തൊട്ടിലിലെ പിഞ്ചുകുഞ്ഞിനെ മുതൽ വയോധികരെ വരെ പീഡിപ്പിച്ച് കൊല്ലുന്നത് ഇന്നൊരു വാർത്തയല്ലാതായി മാറിയിരിക്കുന്നു. ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെയാണിന്ന് മനുഷ്യൻ മനുഷ്യനെ നിഗ്രഹിക്കുന്നത്. മനുഷ്യമനസുകളെ മരവിപ്പിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ നടന്നുകഴിഞ്ഞാൽ പതിറ്റാണ്ടുകൾ വേണ്ടിവരും വിധി നിർണയത്തിന്.
എത്ര കഠിനമായ കുറ്റത്തിനും ജാമ്യം അനുവദിക്കുന്ന രീതി മാറണം. സ്വന്തം പുത്രനെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിൽ ഇറങ്ങി വിലസുന്നതു കാണുമ്പോൾ രക്ഷാകർത്താക്കൾക്കും കൂടെപ്പിറപ്പുകൾക്കും ഉണ്ടാകുന്ന വികാരം എന്തായിരിക്കും? ഒരിക്കൽ കഠിനതടവിന് വിധിക്കപ്പെട്ട പ്രതിക്ക് കാരുണ്യം ചൊരിഞ്ഞുള്ള ശിക്ഷാ ഇളവുകളും നിറുത്തലാക്കണം. ഒരുപാടുപേരുടെ കണ്ണുനീരും വേദനയും നീതിന്യായപീഠം അറിയണം.
തെലുങ്കാനയിൽ വനിത ഡോക്ടറെ മാനഭംഗപ്പെടുത്തി ചുട്ടുകൊന്ന കേസിലെ പ്രതികളെ പൊലീസുകാർ വെടിവച്ചു കൊന്നപ്പോൾ രാജ്യം മുഴുവനും ആഘോഷിച്ചതിന് കാരണം ഇന്ന് നിലവിലിരിക്കുന്ന നീതിന്യായ വ്യവസ്ഥയോടുള്ള ജനങ്ങളുടെ അമർഷവും കൂടിയാണ്.
പരമോന്നത നീതിന്യായപീഠവും അത്യന്തം സുരക്ഷ നൽകേണ്ട ഇടവുമായ കോടതിക്കുള്ളിൽ, ഇൗ അടുത്തു നടന്ന വക്കീലന്മാരുടെ വിളയാട്ടം നിയന്ത്രിക്കാനോ അവരെ ശിക്ഷിക്കാനോ ഇന്ന് നിയമമില്ല. യാത്രക്കാരോടുള്ള സ്നേഹം മൂത്ത് നാടെങ്ങും കാമറ സ്ഥാപിച്ച് 'ഹെൽമറ്റ് വേട്ട" എന്ന മഹാകർമ്മം കൃത്യമായി നിർവഹിക്കുമ്പോൾ ഇവിടെ നിയമനടപടികൾ പൂർണമാകുമോ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്തുണ്ടാക്കിയ നിയമങ്ങൾ പൊളിച്ചെഴുതണം. ഉന്നതസ്ഥാനീയനും സാധാരണക്കാരനും എന്ന വകഭേദമില്ലാതെ എല്ലാവർക്കും ഒരു നിയമം എന്നത് പ്രാവർത്തികമാക്കണം. കുറ്റകൃത്യങ്ങൾക്ക് ഒരു മാസത്തിനകം ശിക്ഷാവിധികൾ നടപ്പിലാക്കണം. അല്ലെങ്കിൽ ഇവിടം കോവിന്ദച്ചാമിമാരെ കൊണ്ടുനിറയും.
ദീപ ബി,
വടശേരിക്കോണം, വർക്കല.