cm-
തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിടിച്ച ലോക കേരള സഭ രണ്ടാം സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ നോട്ടിസിലെ പ്രധാന വിഷയങ്ങൾ ചൂണ്ടികാണിക്കുന്നു.

തിരുവനന്തപുരം: ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ സംഗമമായ 'ലോക കേരള സഭ'യുടെ രണ്ടാം സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധിയിലെ പ്രൗഢഗംഭീരമായ സദസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനത്തിന് തിരിതെളിച്ചു.

പ്രവാസികളായ ശാസ്ത്രജ്ഞർ വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ അംബാസഡർമാരാവണമെന്ന് ഗവർണർ പറഞ്ഞു. അതുവഴി കേരളം ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറണം. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു.

47 രാജ്യങ്ങളിൽ നിന്നുള്ള 351 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 21 സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ തുടങ്ങിയിടങ്ങളിൽ നിന്നും പ്രതിനിധികളുണ്ട്. 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമ സമ്മേളനത്തിലുണ്ടായിരുന്നത്.

പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും അവർക്കായുള്ള ക്ഷേമ, പുനരധിവാസ പദ്ധതികളും സഭ ചർച്ചചെയ്യും. സംസ്ഥാനത്തിന്റെ വികസനത്തിന് പ്രവാസികളുടെ നിക്ഷേപവും വിജ്ഞാനവും ഉപയോഗപ്പെടുത്തുക, മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ വഴിയൊരുക്കുക, വിദേശത്ത് കേരളീയരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുക എന്നിവ സഭയുടെ ലക്ഷ്യങ്ങളാണ്.

ഇന്ന് രാവിലെ ഒമ്പതിന് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ലോക കേരള സഭാ നടപടികൾ ആരംഭിക്കും. പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചശേഷം സഭാ നടപടികളെ സംബന്ധിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഒന്നാം സഭ കൊണ്ടുണ്ടായ നേട്ടങ്ങളുടെ വീഡിയോ അവതരണവും നടക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ ഏഴ് മേഖലാ യോഗങ്ങൾ നടക്കും. വൈകിട്ട് നാലിന് വിഷയാടിസ്ഥാനത്തിലുള്ള എട്ട് വിഷയ മേഖലാസമ്മേളനങ്ങൾ നടക്കും. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. വൈകിട്ട് 5.30ന് ലോക കേരളസഭ നിയമനിർമാണത്തിനുള്ള കരട് ബിൽ അവതരിപ്പിക്കും.

.

''ലോക കേരളസഭ പ്രവാസികൾക്കും കേരളത്തിനുമിടയിലെ പരസ്പര വിശ്വാസവും സ്നേഹബന്ധവും ദൃഢമാക്കും. നാടിനും പ്രവാസികൾക്കുമിടയിലെ പാലം പോലെയാണ് സഭ.''

പിണറായി വിജയൻ

- മുഖ്യമന്ത്രി