muneer

തിരുവനന്തപുരം: ഭൂപരിഷ്കരണം നടപ്പിലാക്കിയതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോൾ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ പേര് പറയാതിരുന്നതിനെ മുൻ മന്ത്രി എം.കെ.മുനീർ വിമർശിച്ചു. ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ച റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രസംഗിച്ചതിന് ശേഷമായിരുന്നു മുനീർ തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ വ്യംഗ്യമായി വിമർശിച്ചത്. അച്യുതമേനോനെ വിസ്മരിക്കുകയും ഇ.എം.എസിനെ മാത്രം പരാമർശിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു മുനീറിന്റെ വിമർശനം. അച്യുതമേനോനെ മാറ്റിനിറുത്തി ഭൂപരിഷ്കരണത്തെക്കുറിച്ച് സംസാരിക്കാനാവില്ല. ഇ.എം.എസ് തന്നെ തന്റെ ആദ്യമന്ത്രിസഭാക്കാലത്ത് കാർഷിക ബന്ധബില്ലുണ്ടാക്കാൻ ധനകാര്യമന്ത്രിയായിരുന്ന അച്യുതമേനോനെയാണ് ഏല്പിച്ചിരുന്നത്. ഭൂപരിഷ്കരണം സംബന്ധിച്ച് അച്യുതമേനോനുള്ള വൈദഗ്ദ്ധ്യം കണക്കിലെടുത്തായിരുന്നു അത്. അച്യുതമേനോന്റെ മന്ത്രിസഭ കേരള ചരിത്രത്തിൽ എടുത്തു പറയേണ്ട മന്ത്രിസഭയാണ്. തന്റെ പിതാവും മന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയും അച്യുതമേനോനും തമ്മിൽ പ്രത്യേകം ഒരു കെമിസ്ട്രി ഉണ്ടായിരുന്നതായും മുനീർ പറഞ്ഞു. ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോൾ ഇ.എം.എസിനെ പല തവണ പരാമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സി.അച്യുതമേനോനെ പരാമർശിക്കേണ്ട സമയം വന്നപ്പോഴൊക്കെ 1970ലെ മന്ത്രിസഭാ കാലത്ത് എന്നാണ് പറഞ്ഞിരുന്നത്. ഇതിനെയാണ് മുനീർ പേരെടുത്ത് പറയാതെ വിമർശിച്ചത്.