general

ബാലരാമപുരം: അർബുദരോഗിയായ അമ്മയെയും കാലിൽ ശസ്ത്രക്രിയയെ തുടർന്ന് കിടപ്പിലായ അച്ഛനെയും സംരക്ഷിക്കാൻ പഠനം ഉപേക്ഷിച്ച രാജേഷിന്റെ പഠനച്ചെലവും കുടുംബത്തിന്റെ ഭക്ഷണച്ചെലവും ഡി.വൈ.എഫ്.ഐ കല്ലിയൂർ മേഖലാകമ്മിറ്റി ഏറ്റെടുത്തു. വെള്ളായണി പാലപ്പൂര് അറപ്പുറ എന്ന വാടകവീട്ടിലാണ് 13കാരനായ രാജേഷിന്റെ താമസം. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രാജേഷ് സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഴിഞ്ഞ രണ്ട് മാസം മുമ്പ് പഠനം നിറുത്തിയിരുന്നു. രാജേഷിന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെ കല്ലിയൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സഹായവുമായി എത്തുകയായിരുന്നു. രോഗബാധിതരായ മാതാവ് ലളിതയ്ക്കും പിതാവ് കൃഷ്ണൻകുട്ടിക്കും ഏക ആശ്രയമാണ് രാജേഷ്. ഡി.വൈ.എഫ്.ഐ കല്ലിയൂർ മേഖലാ സെക്രട്ടറി ആനന്ദ് ഷിബു,​ ബ്ലോക്ക് കമ്മിറ്റി അംഗം ടി.കെ. കിരൺ,​ മേഖലാ കമ്മിറ്റി അംഗങ്ങളായ ആർ.എസ്. രതീഷ്,​ സന്ദീപ് തുടങ്ങിയവർ രാജേഷിന്റെ വീട് സന്ദർശിച്ചു. രാജേഷിന്റെ പഠനച്ചെലവ് വഹിക്കുന്നതിനു പുറമേ വീട്ടിൽ ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ എത്തിക്കുമെന്നും ഇവർ ഉറപ്പ് നൽകി. രാജേഷിന്റെ കുടുംബത്തെ സഹായിക്കുന്നതിന് എസ്.ബി.ഐ വെള്ളായണി ശാഖയിൽ അക്കൗണ്ടും ആരംഭിച്ചു. സി. കൃഷ്ണൻകുട്ടി,​ അക്കൗണ്ട് നമ്പർ: 67309741680,​ ഐ.എഫ്.എസ്.സി കോഡ്: SBIN00070019. ഫോൺ: 9961092463.