yyy

വെള്ളറട: മലയോരത്ത് അവശേഷിക്കുന്ന പ്രധാന കൃഷികളിലൊന്നായ വാഴ കൃഷിക്ക് ആവശ്യമായ സർക്കാർ സഹായം ലഭിക്കാത്തത് വാഴകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹെക്ടർ കണക്കിന് സ്ഥലങ്ങൾ കുത്തകപാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് കൃഷി നശിക്കുമ്പോൾ പാട്ടതുകപോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. കാറ്റിലും മഴയിലും വേനലിലും വാഴ കൃഷികൾ വൻതോതിലാണ് നശിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടായാലും സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഈ അടുത്തകാലത്ത് വാഴ കുലകൾക്ക് നേരിയ വില ലഭിച്ചെങ്കിലും അതുതന്നെ കാര്യമായ കായ്ഫലം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു. കടം വാങ്ങിയും പലിശക്കെടുത്തും കൃഷിയിറക്കിയാൽ മുടക്കുന്ന പണം പോലും തിരികെ ലഭിക്കുന്നില്ലെന്ന് വാഴ കർഷകർ പറയുന്നു. വളവും കൃഷിക്ക് ആവശ്യമായ സഹായവും സർക്കാരിൽ നിന്നും ലഭിച്ചാൽ മാത്രമേ ഇനി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ക‌ഴിയുകയുള്ളുവെന്ന അവസ്ഥയിലാണ് കർഷകർ. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആയിരക്കണക്കിനുരൂപ മുടക്കിയ കുലക്കാറായ വാഴകൾ നശിച്ചാൽ പോലും തുച്ഛമായ നഷ്ടപരിഹാരമാണ് കർഷകന് ലഭിക്കുന്നത്. കൃഷി ഭവനുകൾ വഴി വാഴകർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കിയില്ലെങ്കിൽ അവശേഷിക്കുന്ന വാഴ കൃഷിപോലും നശിക്കുമെന്ന അവസ്ഥയാണ് നിലവിൽ. ഇപ്പോൾ തന്നെ തമിഴ്നാട്ടിൽ നിന്നും ലോറിക്കണക്കിന് വാഴകുലകളാണ് കേരളത്തിലെ മാർക്കറ്റുകളിൽ എത്തുന്നത്. വാഴ കർഷകർക്ക് ആവശ്യമായ വായ്പയും മറ്റു ധനസഹായങ്ങളും ലഭ്യമാക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ വേനലിൽ നിലവിലുള്ള കൃഷികൾ പോലും നശിക്കും. എന്നാൽ പൂർണമായും തമിഴ്നാട്ടിൽ നിന്നും കിട്ടുന്ന പഴങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാകും

ഇവിടത്തുകാർ.