വിതുര: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുപോയ പൊലീസുകാരൻ ബൈക്ക് ടെലിഫോൺ പോസ്റ്റിലിടിച്ച് മരിച്ചു. വിതുര സ്റ്റേ ഷനിലെ സിവിൽ പൊലീസ് ഒാഫീസർ ആര്യനാട് മീനാങ്കൽ കീഴ്പാലൂർ ഹരിജൻകോളനിയിൽ സന്തോഷ് ഭവനിൽ ശ്രീധരൻെറ മകൻ സന്തോഷ്കുമാർ (40) ആണു മരിച്ചത്. വിതുര -പാലോട് റോഡിൽ ചായം ദർപ്പപാലത്തിനുസമീപം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അഞ്ചുമണിക്ക് ടാപ്പിംഗിന് പോയവരാണ് സന്തോഷ്കുമാർ റോഡരികിലെ പണയിൽ വീണു കിടക്കുന്നതുകണ്ടത് .ഉടൻ വിതുര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.സർക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീജിത്തും സംഘവുമെത്തി സന്തോഷ്കുമാറിനെ വിതുര ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽവച്ച് സന്തോഷ്കുമാർ പൊലീസുകാരോട് സംസാരിച്ചിരുന്നു.എന്നാൽ, പെട്ടെന്ന് അബോധാവസ്ഥയിലാകുകയും മരണപ്പെടുകയുമായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം വിതുര പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനുവച്ച ശേഷം വൈകിട്ട് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കീഴിപാലൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ:ശ്രീജ. മക്കൾ:ദേവിക,ഭൂമിക,ശ്രീക്കുട്ടൻ.