തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് റഗുലേറ്രറി അതോറിട്ടിയുമായി (കെറെറ) ബന്ധപ്പെട്ട നഷ്ടപരിഹാര അപ്പീലുകൾ കേൾക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്‌ജി അദ്ധ്യക്ഷനായ അപ്പലറ്ര് ട്രൈബ്യൂണൽ ഉടൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള വലിയൊരു വിഭാഗവും അനുഭവസമ്പത്തും വിശ്വാസ്യതയുമുള്ളവരാണ്. എന്നാൽ പുതുതായി വരുന്ന ചിലർക്ക് ആവശ്യമായ സാമ്പത്തികശേഷിയും അനുഭവപരിചയവുമുണ്ടാകില്ല. ഇവരെ വിശ്വസിച്ച് നിക്ഷേപിക്കുന്ന നാട്ടിലുള്ളവരും പ്രവാസികളും ചിലപ്പോൾ കബളിപ്പിക്കപ്പെടും. ഇത് തടയാൻ അതോറിട്ടിയുടെ പ്രവർത്തനത്തിലൂടെ കഴിയും.
ഫലപ്രദമായ നിയന്ത്രണങ്ങളില്ലാത്തതാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പല പ്രശ്‌നങ്ങൾക്കും കാരണം. റെഗുലേറ്ററി അതോറിട്ടി വരുന്നതോടെ ഇത് പരിഹരിക്കപ്പെടും. എല്ലാ പ്രൊമോട്ടർമാരും അതോറിട്ടിയിൽ രജിസ്റ്രർ ചെയ്യണം. പദ്ധതിയുടെ പ്ലാനും ഭൂരേഖയും അതോറിട്ടിക്ക് നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെറെറയിൽ രജിസ്റ്റർ ചെയ്‌ത പുതിയ പ്രൊമോട്ടർമാർക്കും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കുമുള്ള സർട്ടിഫിക്കറ്റുകൾ മുഖ്യമന്ത്രി വിതരണം ചെയ്‌തു. കെറെറയുടെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്‌തു.
പുതിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വന്നപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.സി. മൊയ്‌തീൻ പറഞ്ഞു. അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ, എ.കെ.സി.എ.എ പ്രസിഡന്റ് ജോയ് പത്താടൻ, കെറെറ ചെയർമാൻ പി.എച്ച്. കുര്യൻ, അംഗം പ്രീത പി. മേനോൻ എന്നിവർ പ്രസംഗിച്ചു.