ആറ്റിങ്ങൽ: റോഡ് നിർമ്മാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെ പ്രതിനിധിയായി ഒറ്റയാൾ സമരവുമായി നഗരസഭാ കൗൺസിലർ എത്തിയത് കൗതുകമായി.
അയിലം റോഡിന്റെ ടാറിംഗ് ജോലികൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും തദ്ദേശവാസിയും കൂടിയായ അവനവഞ്ചേരി രാജു പൊതുമരാമത്ത് ഓഫീസിൽ സമരവുമായി എത്തിയത്. നേരത്തെ പലതവണ സമരങ്ങൾ നടത്തിയിട്ടും നൽകിയ സമയ പരിധികൾ കഴിഞ്ഞിട്ടും റോഡ് നിർമ്മാണം ആരംഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് അവനവഞ്ചേരി രാജു പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസ് കവാടത്തിൽ ഇരുന്ന് പ്രതിഷേധിച്ചത്.
കഴിഞ്ഞ എട്ട് മാസമായി ടാറിംഗ് നടത്താൻ വേണ്ടി റോഡ് വെട്ടി പൊളിച്ചിട്ടിരിക്കുകയാണ്. ഇത് കാരണം സുഗമമായ വാഹന ഗതാഗതം നടക്കുന്നില്ല. ബസുകൾ സർവീസ് മുടക്കുന്നു. ആട്ടോറിക്ഷകൾ ഈ റൂട്ടിൽ ഓട്ടം പോകുവാൻ വിസമ്മതിക്കുന്നു. വേനൽ ആയതോടെ രൂക്ഷമായ പൊടി ശല്യവുമുണ്ട്. ഈ അവസ്ഥയിലാണ് സമരരംഗത്തിറങ്ങേണ്ടി വന്നതെന്ന് രാജു പറഞ്ഞു.
റോഡ് ലെവവലിംഗ് ബുധനാഴ്ച തന്നെ ആരംഭിക്കുമെന്നും ശനിയാഴ്ച ഇത് പൂർത്തിയാക്കി തിങ്കളാഴ്ച മുതൽ റോഡിന്റെ ടാറിംഗ് പണികൾ ആരംഭിക്കുമെന്നും അടിയന്തരമായി പണി പൂർത്തീകരിക്കുമെന്നും അസിസ്റ്റന്റ് എൻജിനിയർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.