മുടപുരം:ലൈഫ് മിഷൻ പദ്ധതി പ്രകാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ്, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടുനിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും 4ന് രാവിലെ 10ന് ശാർക്കര ഗവ. യു.പി സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. വിവിധ പദ്ധതികളുടെ സഹായ വിതരണം ബി. സത്യൻ എം.എൽ.എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ശൈലജ ബീഗവും നിർവഹിക്കും. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹ്യ-രാഷ്ട്രീയ നേതാക്കന്മാർ എന്നിവർ പങ്കെടുക്കും. കുടുംബസംഗമത്തോടൊപ്പം 20 സർക്കാർ വകുപ്പുകളുടെ അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്.