ആറ്റിങ്ങൽ: ആറ്റിങ്ങൽ എൽ.എം.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ പുതുപിറവി ദിനത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപേക്ഷിച്ച് പ്രതിജ്ഞയെടുത്തു. ഇനി മുതൽ സ്റ്റീൽ ബോട്ടിലുകളാവും ഇവർ ഉപയോഗിക്കുക. എല്ലാ കുട്ടികൾക്കും സ്റ്റീൽ കുടിവെള്ള കുപ്പികൾ വിതരണം ചെയ്തു.
ആറ്റിങ്ങൽ നഗരസഭയുടെ "പ്ലാസ്റ്റിക്കേ വിട" എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പ്ലാസ്റ്റിക്ക് കുപ്പികൾ മാറ്റി കുട്ടികൾക്ക് സ്റ്റീൽ ബോട്ടിലുകൾ നൽകിയത്. ഇതിനാവശ്യമായ മൊത്തം സ്റ്റീൽ ബോട്ടിലുകളും അമർ ആശുപത്രി എം.ഡി ഡോ. പി. രാധാകൃഷ്ണൻ നായർ സംഭാവന ചെയ്തു.
വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ എം. പ്രദീപ്, ഡോ. രാധാകൃഷ്ണൻ നായർ, ഫാ. ജോസ് ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു. പട്ടണത്തിലെ എല്ലാ വിദ്യാലയങ്ങളിലും സ്റ്റീൽ ബോട്ടിലുകളാക്കുകയാണ് ലക്ഷ്യമെന്നും മൂന്ന് മാസത്തിനകം പദ്ധതി നടപ്പിലാക്കുമെന്നും ചെയർമാൻ പറഞ്ഞു.