വർക്കല: വെട്ടൂർ സദാശിവ സ്മാരക പുരസ്കാരം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപിന് 6ന് വൈകിട്ട് 4ന് വർക്കല ക്ലബ്ബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മുൻ സ്പീക്കർ എം.വിജയകുമാർ നൽകും. മുൻ ചിറയിൻകീഴ് താലൂക്കിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളും പാർട്ടിയുടെ താലൂക്കിലെ ചരിത്രം സിന്ദൂരമാലയിലെ രക്തപുഷ്പങ്ങൾ എന്ന ഗ്രന്ഥത്തിലൂടെ രേഖപ്പെടുത്തുകയും ചെയ്തയാളാണ് വെട്ടൂർ സദാശിവൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് 15,555രൂപയും ഫലകവുമടങ്ങിയ അവാർഡ് നൽകുന്നത്. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏറ്റവും നല്ല ജനപ്രതിനിധിക്കാണ് അവാർഡ് നൽകുന്നത്. മാലിന്യ നിർമ്മാർജ്ജനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും നല്ല നഗരസഭകളിൽ ഒന്നായി ആറ്റിങ്ങലിനെ മാറ്റിയെടുത്തതാണ് പ്രദീപിനെ പുരസ്കാര ജേതാവാക്കിയത്. തുടർച്ചയായി രണ്ട് പ്രാവശ്യം സംഗീതനാടക അക്കാഡമി അവാർഡ് നേടിയ നാടകനടനും സംവിധായകനുമായ വത്സൻ നിസരിയെ ചടങ്ങിൽ ആദരിക്കും. നാടക പ്രവർത്തകനായിരുന്ന വെട്ടൂർ സദാശിവനോടൊപ്പം നാടക രംഗത്ത് സജീവമായിരുന്ന റാത്തിക്കൽ കെ.എൻ.സൈനുദ്ദീന്റെ സ്മരണയ്ക്ക് മകൻ അഡ്വ. എസ്.അൻസാരി ഏർപെടുത്തിയ 15,551 രൂപയുടെ കാഷ് അവാർഡും ഫലകവും വത്സൻ നിസരിക്ക് സമ്മാനിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രാവൻകൂർ കയർതൊഴിലാളി യൂണിയന്റെയും സജീവ പ്രവർത്തകനായിരുന്ന ചെമ്പൻകുന്ന് ശങ്കരന്റെ ഓർമ്മയ്ക്ക് മകൻ എസ്.ചന്ദ്രബാബു ഏർപ്പെടുത്തിയ 5001രൂപയുടെ കാഷ് അവാർഡ് , മുത്താന താഹയ്ക്ക് മരണാനന്തര ബഹുമതിയായി നൽകും. വെട്ടൂരിലെ മികച്ച ചിത്രകാരൻ എം.രാജീവിനെയും (രജികല) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും കയർതൊഴിലാളി മേഖലയിലും സജീവമായിരുന്ന പഴയ തലമുറയിൽപെട്ട തൊഴിലാളികളെയും ആദരിക്കും. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.എം. ലാജി ആമുഖ പ്രസംഗം നടത്തും. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.ഷാജഹാൻ, സി.പി.എം വർക്കല ഏരിയാസെക്രട്ടറി എസ്.രാജീവ്, അഡ്വ. എസ്. സുന്ദരേശൻ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ഡോ.പി.കെ. സുകുമാരൻ, എ.വി. ബാഹുലേയൻ, വി. സുനിൽ, എസ്. സുധാകരൻ, എമിലി സദാശിവൻ തുടങ്ങിയവർ സംസാരിക്കും. കെ. ജയപ്രകാശ് സ്വാഗതവും കെ.എസ്. മാവോ നന്ദിയും പറയും.