ശ്രീകാര്യം: പുതുവർഷ ദിവസം രാവിലെ ബാർബർ ഷോപ്പിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. നെടുമങ്ങാട് വിതുര ആനപ്പാറ സ്വദേശികളായ രതീഷ് (32), ഷിബു (39) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ ഗുണ്ടാ സംഘത്തിലുള്ളവർക്കാണ് പരിക്കേറ്റത്. സംഘർഷത്തിനിടെ ഒരാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ ചെമ്പഴന്തി ആളിയിൽ തറട്ട കൃഷ്ണഭവനിൽ ബിജുവിനെ (42) ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം ചെല്ലമംഗലം ജംഗ്‌ഷനിലെ ബ്യൂട്ടി സോൺ എന്ന സ്ഥാപനത്തിൽ ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. കടയ്‌ക്കുള്ളിലേക്ക് ഇരച്ചുകയറിയ ഗുണ്ടാസംഘം ബിജുവിനെ ആക്രമിക്കുന്നതിനിടെ ബിജു കത്രികയെടുത്ത് ഇവരെ കുത്തി പരിക്കേല്പിക്കുകയായിരുന്നു. മുടിവെട്ടുന്ന കത്രികയും ഷേവിംഗ് കത്തിയും കൊണ്ടുള്ള ആക്രമണത്തിൽ കൈയ്‌ക്കും മുതുകിനും സാരമായി പരിക്കേറ്റ പ്രതികൾ വീണ്ടും ബിജുവിനെ ആക്രമിക്കാൻ ശ്രമിച്ചു. ബഹളംകേട്ടെത്തിയ നാട്ടുകാർ ഗുണ്ടകളെ തടഞ്ഞുവച്ച് ശ്രീകാര്യം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് മുമ്പും പ്രതികൾ ബിജുവിനെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പൂർവ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശ്രീകാര്യം പൊലീസ് കേസെടുത്തു.