sports-awards
sports awards

തിരുവനന്തപുരം: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മെഡൽ നേടിയ കേരള ടീമംഗങ്ങൾക്കും സംസ്ഥാന സ്‌കൂൾ കായികമേളയിലെ മികച്ച സ്‌കൂളുകൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കുമുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും മന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിച്ചു.

ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥിയായി.

ദക്ഷിണകൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ മലയാളിയായ ചിത്തരേഷ് നടേശനെ ചടങ്ങിൽ ആദരിച്ചു. സർക്കാർ പ്രഖ്യാപിച്ച പാരിതോഷികമായ അഞ്ചു ലക്ഷം രൂപയും ഫലകവും സമ്മാനിച്ചു.
കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ രണ്ടാം എഡിഷനിൽ അണ്ടർ17, അണ്ടർ21 കാറ്റഗറികളിലായി മെഡലുകൾ നേടിയ കേരള ടീമിലെ 191പേർക്കാണ് അവാർഡ് നൽകിയത്. 12 സ്വർണ്ണം, 16 വെള്ളി, 30 വെങ്കലം ഉൾപ്പടെ 58 മെഡലുകളാണ് കേരളം നേടിയത്. വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം, വെള്ളി, വെങ്കലം നേടിയവർക്ക് യഥാക്രമം 25,000, 20,000, 15,000 രൂപയും, ടീമിനങ്ങളിൽ യഥാക്രമം 1,26,000, 1,02,000, 75,000 രൂപയും, അത്ലറ്റിക് റിലേ ഇനങ്ങളിൽ യഥാക്രമം 50,000, 40,000, 30,000 രൂപയുമാണ് നൽകിയത്.

കണ്ണൂരിൽ നടന്ന 63ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ 1,2,3 സ്ഥാനങ്ങൾ നേടിയ മാർ ബേസിൽ എച്ച് എസ് എസ് കോതമംഗലം, കെ എച്ച് എസ് കുമരംപുത്തൂർ, സെന്റ് ജോസഫ്സ് എച്ച് എസ് എസ് പുല്ലൂരാംപാറ എന്നീ സ്‌കൂളുകൾക്ക് യഥാക്രമം 3 ലക്ഷം, 2 ലക്ഷം, 1 ലക്ഷം രൂപ വീതവും വ്യക്തിഗതചാമ്പ്യന്മാർക്ക് 10,000/ രൂപ വീതവും ചടങ്ങിൽ വിതരണം ചെയ്തു.