മലയിൻകീഴ്: വിളവൂർക്കൽ നാലാം കല്ലിൽ ജനവാസ മേഖലയിൽ പിക്ക് അപ്പ് വാനിൽ മാലിന്യം നിക്ഷേപിയ്ക്കാനെത്തിയവരെ പിടികൂടി പൊലീസിന് കൈമാറി. ന്യൂ ഇയർ ആഘോഷത്തിന്റെ ഭക്ഷണ അവശിഷ്ടങ്ങളാണ് വാഹനത്തിൽ കൊണ്ടുവന്നത്. ഡ്രൈവർ അമ്പൂരി പി.വി.എസ്. ഭവനിൽ അഖിൽ(20), സഹായി കണ്ണൂർ സ്വദേശി നിഖിൽ(30) എന്നിവരാണ് പിടിയിലായത്. 50 ചാക്കിലും 10 പ്ലാസ്റ്റിക് കാൻ, വീപ്പ എന്നിവയിലാണ് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സമീപത്തെ തോട്ടിൽ മാലിന്യം നിക്ഷേപിക്കാനാണ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പൊലീസിൽ മൊഴി നൽകി. ക്രിസ്മസ് കഴിഞ്ഞ് അടുത്ത ദിവസവും പിടിയിലായവർ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച് കടന്നിരുന്നു. പൊലീസ് പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, എസ്.ഐ സൈജു, ഹരീഷ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പിടികൂടിയത്. പിടികൂടിയ മാലിന്യം ഡ്രൈവറുടെ സ്വന്തം സ്ഥലമായ കാട്ടാക്കട ആനക്കോട്ട്കുഴിയിൽ എത്തിച്ച് ശാസ്ത്രീയമായ രീതിയിൽ സ്വന്തം ചെലവിൽ സംസ്കരിച്ചു. പ്രതികളുടെ പേർക്ക് നിയമപരമായ നടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.