വിതുര: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കപകടത്തിൽ മരിച്ച വിതുര സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസർ ആര്യനാട് മീനാങ്കൽ കീഴ്പാലൂർ ഹരിജൻകോളനിയിൽ സന്തോഷ് ഭവനിൽ ശ്രീധരന്റെയും സാവിത്രിയുടെയും മകൻ സന്തോഷ് കുമാറിന് ജന്മനാ‌ട് കണ്ണീരോടെ വിട നൽകി. വിതുര -പാലോട് റോഡിൽ ചായം ദർപ്പപാലത്തിന് സമീപം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സന്തോഷ് കുമാർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അഞ്ച് മണിയോടെ റബർ ടാപ്പിംഗിന് പോയവരാണ് സന്തോഷ് കുമാർ റോഡരികിലെ പണയിൽ വീണ് ഗുരുതരാവസ്ഥയിൽ കിടക്കുന്നതു കണ്ടത്. അപ്പോഴും ജീവനുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിൽവച്ചാണ് മരിച്ചത്. അപകടം നടന്നയുടനെ സന്തോഷിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത ജംഗ്ഷനായ മരുതുംമൂട് പള്ളിയിൽ മതപ്രഭാഷണം ഉണ്ടായിരുന്നു.ഒരു മണി വരെ അപകടം നടന്ന സ്ഥലത്തുകൂടി യാത്രക്കാർ പോയിരുന്നു. ഇതിനു ശേഷമാണ് അപകടമുണ്ടായത്. രണ്ട് മണിയോടെ ഉഗ്രൻ ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നു. പ്രദേശത്ത് പന്നി ശല്യം ഉള്ളതിനാൽ ആരും പുറത്തിറങ്ങിയില്ല. കീഴ്പാലൂർ നാഷണൽ ലൈബ്രറിയുടെ അരങ്ങ് സാംസ്കാരികസമിതിയുടെ സജീവപ്രവർത്തകൻ കൂടിയാണ് സന്തോഷ്. അരങ്ങിന്റെ കീഴിൽ പി.എസ്.സി കോച്ചിംഗ് ക്ലാസും സന്തോഷിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു. ഇതു വഴിയാണ് 2001 ൽ സന്തോഷിന് പൊലീസ് കോൺസ്റ്റബിളായി തിരുവനന്തപുരം എ.ആർ.ക്യാമ്പിൽ ജോലി ലഭിച്ചത്. തുടർന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.ഒരു വർഷം മുൻപാണ് വിതുര പൊലീസ് സ്റ്റേഷനിൽ എത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം വിതുര സ്റ്റേഷനിൽ പൊതുദർശനത്തിനുവച്ച ശേഷം വൈകിട്ട് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കീഴിപാലൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.