തിരുവനന്തപുരം: തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൗൺസിൽ ജനുവരി 8 ന് ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അഭ്യർത്ഥിച്ചു.
പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ജനുവരി 6 ന് സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ സംഘടിപ്പിക്കാനും എല്ലാ ഘടകങ്ങളോടും നിർദ്ദേശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജനുവരി 26 ന് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖല വൻ വിജയിപ്പിക്കാൻ എക്സിക്യൂട്ടീവ് മുഴുവൻ പാർട്ടി സഖാക്കളോടും അഭ്യർത്ഥിച്ചു. കേരളത്തിൽ ഭൂപരിഷ്‌കരണ നിയമം സമ്പൂർണമായി നടപ്പിലായതിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് 4 ന് തൃശൂരിൽ നടക്കുന്ന സെമിനാറിനെ തുടർന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
രാജാജി മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മയിൽ എന്നിവർ പങ്കെടുത്തു . മുൻമന്ത്രി തോമസ് ചാണ്ടി, എം.കെ നാരായണൻ , ഛായാഗ്രാഹകൻ രാമചന്ദ്രബാബു എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.