തിരുവനന്തപുരം: ബോളിവുഡ് ചലച്ചിത്ര ഗായിക അനുരാധ പഡ്‌വാൾ തന്റെ അമ്മയാണെന്നും മാതൃത്വം അംഗീകരിച്ച്, അവകാശപ്പെട്ട സ്വത്ത് നിയമപരമായി അനുവദിച്ചുകിട്ടുന്നതിന് കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചതായും വർക്കല സ്വദേശി കർമ്മല മോഡക്സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അനുരാധ പഡ്‌വാൾ- അരുൺ പഡ്‌വാൾ ദമ്പതികളുടെ മൂത്ത മകളായ കർമ്മലയെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വർക്കല സ്വദേശി പൊന്നച്ചനെ നോക്കാനേൽപ്പിച്ചിരുന്നു. പൊന്നച്ചനും ഭാര്യ ആഗ്നസും തന്റെ മറ്റു മൂന്ന് മക്കളോടൊപ്പം കർമ്മലയെയും മകളായി വളർത്തി. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ അനുരാധയും ഭർത്താവുമെത്തി കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുട്ടിയായിരുന്ന കർമ്മല കൂടെ പോകാൻ തയ്യാറായില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. പൊന്നച്ചനാണ് കർമ്മലയുടെ വിവാഹം നടത്തിയത്. പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുൻപാണ് യഥാർത്ഥ മാതാവ് അനുരാധയാണെന്ന വിവരം കർമ്മലയോട് പൊന്നച്ചൻ പറഞ്ഞത്. തുടർന്ന് കർമ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാൻ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെൺമക്കൾ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് ഇതിനു കാരണമായി പറഞ്ഞതത്രെ. തുടർന്നാണ് വക്കീൽ മുഖേന കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ,കൗമാര,യൗവന ഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹർജിയിൽ പറയുന്നു. ഇതു സംബന്ധിച്ച് അയച്ച വക്കീൽ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കിയതായും കർമ്മല മോഡക്സ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ലീഗൽ അഡ്വൈസർ അഡ്വ. അനിൽപ്രസാദ്, കർമ്മലയുടെ ഭർത്താവ് ടറൻസ് മോഡക്സ് എന്നിവരും പങ്കെടുത്തു.