കഴക്കൂട്ടം: മാലിന്യമായി എത്തുന്ന ടാങ്കർ ലോറിക്കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പള്ളിപ്പുറത്തുകാർ. ഇന്നലെ പുലർച്ചെ താമരക്കുളം ബസ് സ്റ്റോപ്പിന് എതിർവശത്ത് മുഴിതിരവട്ടത്തേക്ക് പോകുന്ന വഴിയിൽ ആൾപാർപ്പുള്ള സ്ഥലത്ത് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. രൂക്ഷമായ ദുർഗന്ധത്തിന് പുറമെ പ്രദേശവാസികൾക്ക് നടക്കാൻ പറ്റാത്തവസ്ഥയാണ്. ആറുമാസത്തിനിടയിൽ പള്ളിപ്പുറം പഴയ റോഡിലും, പള്ളിപ്പുറം ജംഗ്ഷനിലും പാച്ചിറയിലും, സി.ആർ.എഫ് ക്യാമ്പിന് സമീപത്ത് ഉൾപ്പെടെ പത്തുസ്ഥലത്തെങ്കിലും ഇതുപോലെ കക്കൂസ് മാലിന്യം കൊണ്ടു തള്ളിയിരുന്നു. രാത്രിയിൽ ഉറക്കമെണീറ്റിരുന്നു ഒന്നുരണ്ട് തവണ നാട്ടുകാർ മാലിന്യം ലോറിയെയും ഡ്രൈവറെയും പിടികൂടി മംഗലപുരം പൊലീസിൽ ഏൽപ്പിച്ചതാണ്. അവർ നിസാര വകുപ്പിട്ട് കേസെടുത്ത ശേഷം ഇവരെ വിട്ടയക്കുകയാണ് പതിവ്. മാത്രമല്ല പൊലീസ് രാത്രികാല പട്രോളിംഗ് നടത്തുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.