ശിവഗിരി: ഗുരുവരുൾ പ്രകാരം മുന്നോട്ടു പോകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും , അതുകൊണ്ടാണ് പട്ടികജാതിയിൽപ്പെട്ട ശാന്തിക്കാരന് അമ്പലത്തിന്റെ ശ്രീകോവിലിൽ കയറാൻ കഴിഞ്ഞതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു . 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഗുരുദേവനുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് എത്ര പണവും ചെലവഴിക്കാൻ സംസ്ഥാന സർക്കാരിന് മടിയില്ല. ശിവഗിരിയിലെ വികസന പദ്ധതികൾക്കായി സർക്കാർ 15 കോടി രൂപ അനുവദിച്ചിരുന്നു. നിർഭാഗ്യവശാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.നിയമപരമായ തടസങ്ങൾ ഉയർന്നതാണ് കാരണം. ഈ സാങ്കേതിക തടസങ്ങളെ മറികടക്കേണ്ടതുണ്ട്. അതിന് മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി എന്നിവരുൾപ്പെട്ട ഉന്നതലയോഗം ചേർന്ന് പരിഹാര മാർഗം കണ്ടെത്താൻ കഴിയും. 17 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ചെമ്പഴന്തിയിൽ തുടക്കം കുറിച്ചത്. അവിട നിർമ്മാണത്തിനു മുമ്പായി നഗരസഭയുടെ അനുവാദം വാങ്ങിയിരുന്നു.
ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കോലത്തുകരയിലും ഗുരുദേവനും ചട്ടമ്പി സ്വാമികളും ഒരുമിച്ചിരുന്ന അണിയൂരിലും മൂന്നു കോടിയുടെ വീതം വികസന പ്രവർത്തനങ്ങൾ നടത്തി. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാന ടൂറിസം വകുപ്പു മുഖേനയാണ് സാധാരണ നടത്തുന്നത്. എന്നാൽ ശിവഗിരിയിൽ 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചപ്പോൾ. പദ്ധതി നടത്തിപ്പ് ചുമതല ഐ.ടി.ഡി.സിയെയാണ് ഏൽപ്പിച്ചത്. വളരെ വൈകി അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പട്ടികജാതി പട്ടിക വർഗ സംവരണം പത്തു വർഷത്തേക്കു കൂടി നീട്ടുന്ന ബില്ല് 31നു തന്നെ പാസാക്കേണ്ട സാഹചര്യത്തിലാണ് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എത്താൻ കഴിയാത്തത്. മതവെറിക്കും വർഗീയതയ്ക്കും എതിരായിരുന്നു ഗുരു സന്ദേശങ്ങൾ.സംസ്ഥാനത്ത് നടന്ന എല്ലാ പുരോഗമന മുന്നേറ്റങ്ങൾക്കും കരുത്ത് പകർന്നത് ഗുരുദേവൻ തെളിച്ച ദീപശിഖയാണെന്നും കടകംപള്ളി പറഞ്ഞു.
ശ്രീനാരയണഗുരുവിനെ ഒരിക്കലും മറക്കാൻ പാടില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി എം.എം.മണി പറഞ്ഞു. പട്ടിക്കും പൂച്ചയ്ക്കും നടക്കാൻ കഴിയുന്നിടത്ത് മനുഷ്യന് നടക്കാൻ കഴിയാതിരുന്ന കാലമുണ്ടായിരുന്നു.ആ അവസ്ഥ മാറ്റിയെടുക്കുന്നതിൽ ശ്രീനാരായണഗുരു വഹിച്ച പങ്ക് ഏറ്റവും വലുതാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സ്ഥാപിച്ച 50 കിലോവാട്ട് സോളാർ സ്റ്റേഷൻ മന്ത്രി മണി ഉദ്ഘാടനം ചെയ്തു. തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫികൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.സ്വാമി സാന്ദ്രാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ ബി.സത്യൻ, വി.ജോയ്, മുൻ ഡി.ജി.പി ടി.പി.സെൻകുമാർ, മുൻ എം.എൽ.എ വർക്കല കഹാർ,അരയാക്കണ്ടി സന്തോഷ്, ടി.വി.രാജേന്ദ്രൻ, കെ.ചന്ദ്രബോസ്, അമ്പലത്തറ രാജൻ, കെ.പി.സുഗുണൻ, എ.ജി.തങ്കപ്പൻ, അനിജോ, പി.ടി.മന്മഥൻ, ഡി.അനിൽകുമാർ, വി.അനിൽകുമാർ, ബി.ജയപ്രകാശൻ, എസ്. പ്രസാദ്, വി.കെ.മുഹമ്മദ് എന്നിവർ സംബന്ധിച്ചു.