kadakamapally
kadakamapally

തിരുവനന്തപുരം: ദേശീയതലത്തിൽ സാമ്പത്തികമാന്ദ്യവും പൊതുമേഖലാ ബാങ്കുകളുടെ തകർച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹകരണമേഖലയുടെ ശക്തിയും സാന്നിദ്ധ്യവും പ്രസക്തമാകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെയും നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയെ കൂടുതൽ ശക്തമാക്കുന്നതിനും ആധുനീകരിക്കുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരളബാങ്ക് രൂപീകരിച്ചത്. രണ്ടുവർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കായി വളർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പാക്സ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ജോയിന്റ് രജിസ്ട്രാർ ജനറൽ ഡി. കൃഷ്ണകുമാർ, സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം പ്രസിഡന്റ്‌ എൻ. സുഭാഷ് എന്നിവർ സംസാരിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം സെക്രട്ടറി എസ്. റഫീക് നന്ദിയും പറഞ്ഞു.