cbi

തിരുവനന്തപുരം: കവിയൂർ ശ്രീവല്ലഭക്ഷേത്ര പൂജാരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത കേസിലെ സി.ബി.എെ അന്വേഷണ റിപ്പോർട്ട് കോടതി തളളി. ഇത് നാലാം തവണയാണ് പ്രത്യേക സി.ബി.എെ കോടതി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തളളുന്നത്.

ആദ്യ മൂന്ന് റിപ്പോർട്ടുകളിലും, അച്ഛൻ മകളെ ആത്മഹത്യയ്ക്ക് മുമ്പ് പീഡിപ്പിച്ചുവെന്നായിരുന്നു സി.ബി.എെയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ടുകൾ തളളിക്കളഞ്ഞ കോടതി, അന്വേഷണ സംഘത്തെ അന്നും രൂക്ഷമായി വിമർശിച്ചിരുന്നു. നാലാം റിപ്പോർട്ടിലാവട്ടെ, സി.ബി.എെ ആദ്യ നിലപാടുകൾ മാറ്രുകയും അച്ഛൻ അല്ലെങ്കിൽ വീടുമായി അടുത്ത ബന്ധമുളളയാൾ പീഡിപ്പിച്ചെന്ന നിലപാടാണ് സ്വീകരിച്ചത്. പെൺകുട്ടിയെ ആര് പീഡിപ്പിച്ചെന്ന് കണ്ടെത്താതെ അന്വേഷണ ഉദ്യോഗസ്ഥൻ കുഴഞ്ഞ് മറിഞ്ഞ ഒരു റിപ്പോർട്ടാണ് നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. മരണത്തിന് തൊട്ട് മുമ്പുളള 72 മണിക്കൂർ നമ്പൂതിരി കുടുംബം പുറത്ത് പോയിട്ടില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ ശരിയല്ല. മൂത്ത പെൺകുട്ടി ആത്മഹത്യയ്ക്ക് തൊട്ട് മുമ്പുളള ദിവസം സ്കൂളിൽ പോയതിന് തെളിവുണ്ട്. അന്ന് കുട്ടി ആരെ കണ്ടെന്നും ആരെങ്കിലും കുട്ടിയെ പീഡിപ്പിച്ചോയെന്നും സി.ബി.എെ അന്വേഷിച്ചിട്ടില്ല. വീഴ്ചകൾ പാടെ മറച്ച് വ്യക്തതയില്ലാത്ത റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവെെ.എസ്.പി അനന്തകൃഷ്ണൻ കോടതിയിൽ നൽകിയത്. യഥാർത്ഥ പ്രതികളെ ഉടൻ കണ്ടെത്തണമെന്നും കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് മുമ്പുളള 72 മണിക്കൂർ സമയത്തെ ദുരൂഹത നീക്കാൻ പ്രാപ്തമായ വ്യക്തമായ അന്വേഷണം വേണമെന്നും സി.ബി.എെക്ക് കോടതി കർശന നിർദ്ദേശം നൽകി.

2005 സെപ്തംബർ 28 നാണ് നമ്പൂതിരി കുടുംബം കൂട്ട ആത്മഹത്യ ചെയ്തത്. കിളിരൂർ പെൺവാണിഭക്കേസിലെ പ്രതിയായ ലതാ നായർക്ക് ഒളിവിൽ കഴിയാനുളള സൗകര്യം ചെയ്തതായി ആരോപിച്ച് നമ്പൂതിരിയെ കിളിരൂർ സി.എെ ചോദ്യം ചെയ്തിരുന്നു. ഇതിൽ മനം നൊന്ത് നമ്പൂതിരി കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയത്. സി.ബി.എ അന്വേഷണത്തിലാണ് ആത്മഹത്യയ്ക്ക് മുൻപ് മൂത്ത പെൺകുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയത്.