cpi

തിരുവനന്തപുരം: സി.പി.എമ്മിന്റെ കണക്കുപുസ്തകത്തിൽ കേരളത്തിൽ 1969 മുതൽ 80 വരെയുള്ള ഭരണകാലമില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സി.അച്യുതമേനോൻ സർക്കാർ ഭൂപരിഷ്‌കരണ നിയമം യാഥാർത്ഥ്യമാക്കിയതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അഖിലേന്ത്യാ കിസാൻ സഭ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം ഇട്ടെറിഞ്ഞ് പോയ സർക്കാരാണ് നിയമം നടപ്പാക്കിയത് . 69 മുതൽ 80 വരെ 11 വർഷം സി.പി.എം ഭരണത്തിലുണ്ടായിരുന്നില്ല. അതുകൊണ്ട് ഈ കാലയളവിനെക്കുറിച്ച് സി.പി. എം എന്തെങ്കിലും കണക്കുതെറ്രി പറഞ്ഞാൽ അത് കാര്യമാക്കേണ്ടതില്ല. നിയമനിർമാണം നടത്തിയ 1957ലും 1967ലും 1970ലും സർക്കാരിൽ സി.പി.ഐയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച കമ്മിറ്റി അച്യുതമേനോന്റെ നേതൃത്വത്തിൽ ആലുവയിൽ മൂന്ന് ദിവസം യോഗം ചേർന്നാണ് 1957ലെ ബില്ല് തയ്യാറാക്കിയത്. 1967ലെ സർക്കാരിൽ സി.പി.ഐയും സി.പി.എമ്മും ഉണ്ടായിരുന്നു. 67ലും നിയമത്തെക്കുറിച്ച് സി.പി.ഐ ഉൾപ്പെടെയാണ് ചർച്ച നടത്തിയത്. എല്ലാ കാലത്തും നിയമനിർമ്മാണത്തിന്റെ പ്രധാന ചുമതല അച്യുതമേനോനായിരുന്നു. അതിനാൽ ഭൂപരിഷ്‌കരണത്തിന്റെ നേരവകാശി സി. അച്യുതമേനോനാണ്. അന്ന് നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടാണ് 1977ൽ ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് ഇന്ത്യ മുഴുവൻ തോറ്റിട്ടും കേരളത്തിൽ സി.പി.ഐ നേതൃത്വം നൽകിയ മുന്നണിക്ക് 111 സീറ്റ് കിട്ടിയത്. അന്നത്തെ റവന്യൂമന്ത്രി കെ.ടി ജോക്കബ് ഓടിനടന്നാണ് പട്ടയമേള നടത്തിയതെന്നും മന്ത്രി പറഞ്ഞു.
ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ കിസാൻ സഭ ജില്ലാ പ്രസിഡന്റ് എൻ. ഭാസുരാംഗൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, മാങ്കോട് രാധാകൃഷ്ണൻ, വി.ചാമുണ്ണി, ജി.ആർ അനിൽ, ജെ. വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു.