തിരുവനന്തപുരം: പൂർണ്ണമായ ഭരണപരാജയം മറച്ച് വച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള പൊടിക്കൈ മാത്രമാണ് നവവത്സര ദിനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പൊതു ഇടങ്ങൾ സ്ത്രീ സൗഹൃദമാക്കും, സ്ത്രീകൾക്കായി വിശ്രമ കേന്ദ്രങ്ങളും സ്ത്രീ സൗഹൃദ ശുചിമുറികളും സ്ഥാപിക്കും , വഴിയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ബഡ്ജറ്റുകളിലും സർക്കാർ നടത്തിയതാണ്. അവ നടപ്പാക്കാതെ പുതിയ കാര്യം പോലെ പുതുവർഷത്തിൽ വീണ്ടും മുഖ്യമന്ത്രി അവ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഏറ്റവും ഒടുവിലത്തെ ബഡ്ജറ്റിൽ സ്ത്രീകൾക്കായുള്ള പദ്ധതികൾക്ക് 1420 കോടി രൂപയാണ് വകയിരുത്തിയത്. കാര്യമായൊന്നും ചിലവാക്കിയിട്ടില്ല. പുതുവർഷത്തിൽ 37 കോടി വൃക്ഷത്തെകൾ വച്ചു പിടിപ്പിക്കുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കോടിക്കണക്കിന് തൈകൾ വച്ചു പിടിപ്പിച്ചതായി അവകാശപ്പെടുന്ന സർക്കാരാണിത്. ആ വൃക്ഷത്തൈകൾ ഇപ്പോൾ എവിടെയാണെന്ന് സർക്കാർ വ്യക്തമാക്കണം. റേഷൻ കാർഡില്ലാത്തവർക്ക് റേഷൻ കാർഡ് നൽകുമെന്ന് പ്രഖ്യപനവും പുതുമയുള്ളതല്ല. നേരത്തെയും അതിന് വ്യവസ്ഥ ഉണ്ടായിരുന്നു. അത് കാര്യക്ഷമമായി നടപ്പാക്കാതിരുന്നതിനാലാണ് കുട്ടികൾക്ക് മണ്ണ് വാരി തിന്നേണ്ടി വന്നത്. പുതുവർഷത്തിൽ പതിവ് പോലെ കുറച്ച് പാഴ് വാഗ്ദാനങ്ങൾ കൂടി മുഖ്യമന്ത്രി നൽകി എന്നല്ലാതെ മറ്റൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.