തിരുവനന്തപുരം : ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു പെൺകുട്ടികളടക്കം മൂന്ന് പേർ തിരയടിയിലുണ്ടായ ബോട്ടിന്റെ ഉലച്ചിലിൽ കടലിലേക്ക് തെറിച്ചുവീണു. സംഭവം ദൂരെനിന്നുകണ്ട ലൈഫ് ഗാർഡുകളുടെ പരിശ്രമത്തിൽ മൂവരെയും രക്ഷിച്ച് കരയ്ക്കെത്തിച്ചു. വലിയവേളി സ്വദേശികളായ പ്രിയ (15), മീനു (15), അച്ചു (27) എന്നിവരെയാണ് അപകടത്തിൽ നിന്നു രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വേളി ഭാഗത്താണ് സംഭവം. വലിയവേളിയിലുള്ള മീൻപിടിക്കാൻ പോകുന്ന ബോട്ടിൽ ഇവരടക്കം കുറച്ചുപേർ യാത്ര ചെയ്യുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെകൂടാതെ ബോട്ടിലെ ഡ്രൈവറും മറ്റൊരാളും രണ്ടു കൊച്ചു കുട്ടികളും ബോട്ടിൽ ഉണ്ടായിരുന്നു. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപത്തെത്തിയപ്പോൾ ശക്തമായി അടിച്ച തിരയിൽപെട്ട് ബോട്ട് ഉയർന്നുപൊങ്ങി. ബോട്ടിന്റെ വശത്ത് നിൽക്കുകയായിരുന്ന ഇവർ തെറിച്ച് പുറത്തേക്ക് വീണു. സംഭവം കണ്ട വേളി ടൂറിസ്റ്റ് വില്ലേജിലെ സീനിയർ ലൈഫ് ഗാർഡ് ആന്റണിയുടെ നേതൃത്വത്തിൽ ബാബുജി, അനിൽകുമാർ, അനുരാഗ്, അനി എന്നീ ലൈഫ് ഗാർഡുമാർ കടലിലേക്കിറങ്ങി. സമീപവാസിയായ പ്രിജുവും ഇവരുടെ സഹായത്തിനായി കടലിലേക്ക് ചാടി. ശക്തമായ തിരയുണ്ടായിരുന്നതിനാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. നീന്താനറിയാത്തതിനാൽ വെള്ളത്തിലേക്ക് താണുപോയ ഇവരെ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. തുടർന്ന് ലൈഫ് ഗാർഡുകൾ പ്രാഥമിക ശുശ്രൂഷയും നൽകി.