pinarayi-vijayan
PINARAYI VIJAYAN

തിരുവനന്തപുരം: ലോകകേരളസഭയ്ക്ക് നിയമ പരിരക്ഷ കിട്ടാൻ നിയമ നിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള പ്രാഥമിക രൂപം നിയമസഭയിൽ ചർച്ച ചെയ്യും. ലോകകേരള സഭാംഗങ്ങളുടെ അഭിപ്രായത്തോടെ ബിൽ നിയമസഭയിലേക്ക് പോവും. നിയമം വരുന്നതോടെ വായുവിൽ നിൽക്കുന്ന കാര്യമല്ല ലോക കേരള സഭയെന്ന് എല്ലാവർക്കും വ്യക്തമാവും.

കേരളം ഇന്നു കാണുന്ന നിലയിലെത്താനുള്ള പ്രധാനകാരണം പ്രവാസിപ്പണമാണ്. ഈ സാമ്പത്തിക പിൻബലം നാടിന് താത്പര്യമുള്ളതാണ്. അതിനൊപ്പം പ്രവാസികളുടെ വിജ്ഞാനവും നൈപുണ്യവും വൈദഗ്ദ്ധ്യവും നമ്മുടെ യുവതലമുറയുടെ ശാക്തീകരണത്തിന് ഉപകരിക്കണം. സർക്കാർ ഗാരന്റിയിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താനും, അത് ഏത് മേഖലയിൽ വേണമെന്ന് അവർക്ക് നിശ്ചയിക്കാനും പദ്ധതിയുടെ പുരോഗതി അവർക്ക് വിലയിരുത്താനും നിലവിൽ സൗകര്യമുണ്ട്. നാടിന്റെ വികസനത്തിൽ പങ്കാളികളായെന്ന് പ്രവാസികൾക്ക് ആത്മാഭിമാനം കൊള്ളാനാവും.

പ്രവാസികളുടെ ക്ഷേമ, പുനരധിവാസ പദ്ധതികൾ നടപ്പാക്കി അവരോടുള്ള ഉത്തരവാദിത്വം നിർവഹിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. ഏതു രാജ്യത്ത് ഏതുതരം തൊഴിലാളിയെ വേണമെന്നും അതിന് ഏതുതരം നൈപുണ്യം വേണമെന്നും യുവാക്കളെ ബോധവത്കരിക്കണം. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കണം. ഇക്കാര്യങ്ങളെല്ലാം ലോക കേരളസഭയിൽ ചർച്ചയാവും. വിദേശഭാഷകളിൽ യുവാക്കൾക്ക് പരിശീലനം നൽകും. ജപ്പാൻ, കൊറിയൻ ഭാഷകൾ പഠിപ്പിക്കാൻ നടപടി തുടങ്ങി. അറബി പഠനത്തിന് കൂടുതൽ സൗകര്യമൊരുക്കും.