കുളത്തൂർ: തർക്കം പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപം തൊടിയിൽ അനന്ദു നിവാസിൽ അനന്ദു (17), മൺവിള സ്വദേശി സാൻജോ (18) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ആദ്യം കഴക്കൂട്ടം മിഷൻ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 31ന് രാത്രി ഇൻഫോസിസിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അക്രമം. സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ നേരത്തെയുണ്ടായിരുന്ന തർക്കം പറഞ്ഞുതീർക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് സംഘം ക്രൂരമായി മർദ്ദിച്ചതെന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തുമ്പ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെയുണ്ടായിരുന്ന പ്രശ്‌നത്തിന്റെ പേരിൽ അനന്ദുവും സാൻജോയും തങ്ങളുടെ സംഘത്തിൽപ്പെട്ട ഗണേഷിനെ കൈയേറ്റം ചെയ്യുകയും അസഭ്യം പറഞ്ഞെന്നും എതിർഭാഗം ആരോപിച്ചു. ഇരുകൂട്ടരുടെയും പരാതിയിൽ തുമ്പ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ മർദ്ദിച്ച സംഘത്തിലെ രണ്ടുപേരെ പിടികൂടി കേസെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി തുമ്പ സി.ഐ അറിയിച്ചു. എന്നാൽ യഥാർത്ഥ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആരോപിച്ചു. കുളത്തൂർ, ആറ്റിപ്ര മേഖലകളിലെ കോൺഗ്രസ് അനുഭാവികളുടെ മക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നയമാണ് തുമ്പ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കോൺഗ്രസ് നേതാവ് അഡ്വ.എം.എ. വാഹീദ് ആരോപിച്ചു.