കേപ്ടൗൺ : രോഗക്കിടക്കയിൽനിന്ന് തന്റെ പിതാവ് ആരോഗ്യവാനായി എത്തുകയാണെങ്കിൽ 2019 ൽ ലോകകപ്പ് ഉൾപ്പെടെ താൻ നേടിയ വിജയങ്ങളൊക്കെയും പകരം നൽകാൻ തയ്യാറാണെന്ന് ഇംഗ്ളീഷ് ക്രിക്കറ്റർ ബെൻ സ്റ്റോക്സ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയ ബെൻ സ്റ്റോക്സിനൊപ്പം പിതാവ് ഗ്രെഡ് സ്റ്റോക്സുമുണ്ടായിരുന്നു. ജോഹന്നാസ് ബർഗിൽ ഇംഗ്ളീഷ് ടീമിനെയൊന്നാകെ അഞ്ജാത പകർച്ചവ്യാധി ആക്രമിച്ചപ്പോഴാണ് ഗ്രെഡും ബെന്നും പെട്ടുപോയത്. ബെൻ പെട്ടെന്ന് രോഗത്തിൽനിന്ന് മോചിതനായെങ്കിലുംപിതാവ് ആശുപത്രിയിൽ തുടരുകയാണ്. മകൻ ടെസ്റ്റ് കളിക്കുന്നത് നേരിട്ടുകാണാനാണ് പ്രായത്തിന്റെ അവശതകൾ മാറ്റിവച്ച് 64 കാരനായ ഗ്രെഡ് ദക്ഷിണാഫ്രിക്കയിലെത്തിയത്. എന്നാൽ മത്സരത്തിന് മുമ്പ് ആശുപത്രിയിലാകേണ്ടിവന്നു. ഇപ്പോഴും ഡിസ്ചാർജ് ആയിട്ടില്ല. ബെന്നിന്റെ അമ്മ ഡിബോറയാണ്ഡിബോറയാണ് ഗ്രെഡിന് കൂട്ടായി ആശുപത്രിയിലുള്ളത്.
2019 തനിക്ക് ഏറെ സന്തോഷം നൽകിയ വർഷമായിരുന്നുവെങ്കിലും അതിന്റെ അവസാനം വളരെ സങ്കടകരമായിപ്പോയെന്ന് ബെൻ പറയുന്നു. പോയവർഷം നേടിയ നേട്ടങ്ങളൊക്കെയും അച്ഛന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിസാരമായി തോന്നുന്നുവെന്നും ബെൻ പറഞ്ഞു.