കേപ്ടൗൺ : പനിയും അഞ്ജാത രോഗവും തളർത്തിയ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ആദ്യമത്സരത്തിലെ വൻ തോൽവിക്കുശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിനായി നാളെമുതൽ ഇറങ്ങുന്നു.
ദക്ഷിണാഫ്രിക്കയിൽ എത്തിയശേഷം ടീമിലെ 11 ഒാളം കളിക്കാർക്കാണ് വിവിധ ദിവസങ്ങളിലായി പനിപോലെയുള്ള അഞ്ജാത രോഗം പിടിപെട്ടത്. സപ്പോർട്ടിംഗ് സ്റ്റാഫിലെ ആറ് പേരും രോഗബാധിതരായി. നായകൻ ജോറൂട്ട്, ഒാപ്പണർ ഡോം സിബെലി, വൈസ് ക്യാപ്ടൻ ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, സ്റ്റുവർട്ട് ബ്രേഡ്, ജൊഫ്ര ആർച്ചർ, ജോ ഡെൻലി എന്നിവരൊക്കെ സെഞ്ച്വറിയനിൽ നടന്ന ആദ്യടെസ്റ്റിൽ കളിച്ചെങ്കിലിും മത്സരത്തിന് മുമ്പോ മത്സരത്തിനിടയിലോ രോഗം ബാധിച്ചവരായിരുന്നു. ബാറ്റ്സ്മാൻ ഒല്ലീ പോപ്പ്, ക്രിസ് വോക്സ്, മാർക്ക് വുഡ് ജാക്ക് ലീച്ച് എന്നിവർക്ക് അസുഖംമൂലം പ്ളേയിംഗ് ഇലവനിൽ എത്താനേ കഴിഞ്ഞില്ല.
പടരുന്ന രോഗമായതിനാൽ ഹോട്ടൽ മുറിയിൽ കളിക്കാരെ ഒറ്റയ്ക്കൊറ്റയ്ക്ക് താമസിപ്പിക്കുകയാണ് ഇംഗ്ളണ്ട് ടീം മാനേജ്മെന്റ് ചെയ്തത് . ആദ്യ ടെസ്റ്റിനിടെ ക്ഷീണം അനുഭവപ്പെട്ട റൂട്ടിനെയും ബട്ട്ലറെയും സെഞ്ച്വറിയനിലെ സ്റ്റേഡിയത്തിൽ മറ്റുകളിക്കാരുടെ അടുക്കൽ നിന്ന് മാറ്റിയിരുത്തിയിരുന്നു.
നാളെ ടീമിലെ പ്രമുഖർക്കെല്ലാം കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ളണ്ട് ടീം. അതേസമയം പനിമാറി പരിശീലനത്തിനിറങ്ങിയ പേസർ ജൊഫ്ര ആർച്ചർക്ക് പരിക്കേറ്റത് മറ്റൊരു തിരിച്ചടിയായി.
പിടിച്ചടക്കാൻ ആസ്ട്രേലിയ
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ്
നാളെ മുതൽ
സിഡ്നി : ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിലും വിജയിച്ച് പരമ്പര തൂത്തുവാരൻ ആസ്ട്രേലിയ നാളെമുതൽ സിഡ്നിയിൽ ഇറങ്ങുന്നു.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 296 റൺസിനായിരുന്നു ആതിഥേയരുടെ വിജയം. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ 247 റൺസിന് ആതിഥേയർ ജയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും ചെറുത്തുനിൽപ്പുപോലും നടത്താൻ കഴിയാതിരുന്ന കിവികൾ അവസാന മത്സരത്തിലെങ്കിലും ജയിച്ച് അഭിമാനം കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടിലാണ്.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് കാട്ടിയാണ് ആസ്ട്രേലിയ ഇതിനകം പരമ്പര സ്വന്തമാക്കിയിരുന്നത്. വിലക്കിന് ശേഷമുള്ള തിരിച്ചുവരവ് ഉത്സവമാക്കുന്ന മുൻ നായകൻ സ്റ്റീവൻ സ്മിത്ത്, മികച്ച ഫോമിൽ കളിക്കുന്ന യുവ ബാറ്റ്സ്മാൻ മാർനസ് ലബുഷാംഗെ, ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മാത്യു വേഡ്, ടിം പെയ്ൻ തുടങ്ങിയവരൊക്കെയാണ് ബാറ്റിംഗിലെ ശക്തികേന്ദ്രങ്ങൾ. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കുമ്മിൻസ്, പാറ്റിൻസൺ എന്നീ പേസർമാരും സ്പിന്നർ നഥാൻ ലിയോണും ചേർന്ന് ബൗളിംഗിൽ മികവ് കാട്ടുന്നു.
രണ്ട് മത്സരങ്ങളിലും രണ്ടാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ ചേസ് ചെയ്യാനിറങ്ങി തകർന്നുപോവുകയായിരുന്നു കിവീസ്. കേൻവില്യംസൺ, റോസ് ടെയ്ലർ, ടോം ലതാം, ബ്ളൻഡേൽ, നിക്കോൾസ്, ഗ്രാൻഡ് ഹോം തുടങ്ങിയവരടങ്ങിയ ബാറ്റിംഗ് നിര ഫോമിലേക്ക് ഉയർന്നാലേ കിവികൾക്ക് രക്ഷയുള്ളൂ.