തിരുവനന്തപുരം:ചന്ദ്രന്റെ മണ്ണിലിറങ്ങാൻ ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം ഇൗ വർഷം അവസാനം വിക്ഷേപിക്കും. ഇക്കുറി ഒരു വ്യത്യാസമുണ്ട്. ലാൻഡറും റോവറും മാത്രമാണ് പോകുന്നത്. അവയെ കൊണ്ടുപോകാൻ ഒാർബിറ്ററില്ല. ചന്ദ്രയാൻ - 2ന്റെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്. മൂന്നാം ദൗത്യത്തിലെ ലാൻഡറും റോവറും ഭൂമിയുമായി ബന്ധപ്പെടുന്നത് ഈ ഓർബിറ്റർ വഴിയായിരിക്കും.
ജി.എസ്. എൽ. വി. മാർക്ക് ത്രീ റോക്കറ്റിലായിരിക്കും യാത്ര. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിംപല്യൂസ് എൻ എന്നീ ഗർത്തങ്ങളുടെ നടുവിലെ സമതലത്തിൽ ഇറങ്ങുകയാണ് ലക്ഷ്യം.
ചന്ദ്രയാൻ 2 ൽ ഉപഗ്രഹം പോലെയുള്ള ഒാർബിറ്ററാണ് വിക്രം ലാൻഡറിനെയും പ്രജ്ഞാൻ റോവറിനെയും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത്. അവിടെ റോവറുമായി ലാൻഡറിനെ ഇറക്കിവിടുകയായിരുന്നു. ചന്ദ്രനിലേക്ക് ഇറങ്ങുമ്പോൾ ലാൻഡർ നിയന്ത്രണം തെറ്റി വീണുടഞ്ഞു.
ചന്ദ്രയാൻ -3
ഒാർബിറ്ററിന്റെ ദൗത്യം കൂടി ലാൻഡറിനാണ്. റോവറിനെ വഹിക്കുന്ന ലാൻഡറിനെ പൊതിഞ്ഞ പേടകം പോലെ ഒരു പ്രൊപ്പൽഷൻ മൊഡ്യൂൾ ഉണ്ടാവും. അതിൽ ഇന്ധനവും ലിക്വിഡ് അപ്പോജീ മോട്ടോർ (ലാം ) എന്ന എൻജിനും ഉണ്ടാകും. റോക്കറ്റിൽ നിന്ന് സ്വതന്ത്രമായ ശേഷം ഇത് ജ്വലിച്ചാണ് ചന്ദ്രനിലേക്കുള്ള പ്രയാണം. ഇത് ചന്ദ്രന്റെ മുകളിൽ വച്ച് പുറംചട്ടപോലെ കൊഴിഞ്ഞുമാറും. ലാൻഡറും റോവറും സ്വതന്ത്രമാകും. അഞ്ച് നിയന്ത്രണ എൻജിനുകളും ഗതിനിർണയിക്കാനുള്ള വെർണിയർ എൻജിനുമായി ലാൻഡർ ചന്ദ്രനിലേക്ക് താണിറങ്ങും. റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കിവിടും.
യാത്ര വേഗത്തിൽ
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് 3.84 ലക്ഷം കിലോമീറ്റർ ദൂരം
ചന്ദ്രയാൻ 2 ൽ 36,000 കിലോമീറ്റർ ഉയരെയാണ് ഓർബിറ്ററിനെ വിട്ടത്.
മൂന്നാം ദൗത്യത്തിൽ 1.80 ലക്ഷം കിലോമീറ്റർ ദൂരെയായിരിക്കും
ഇത് യാത്രാ സമയം ലാഭിക്കും
ചന്ദ്രയാൻ 2ന്റെ ഭാരം 3700 കിലോ ആയിരുന്നു
ഒാർബിറ്റർ ഇല്ലാത്തതിനാൽ ചന്ദ്രയാൻ 3ന്റെ ഭാരം 2400 കിലോ മാത്രം
ഇത് ചെലവ് കുറയ്‌ക്കും
രണ്ടാം ദൗത്യത്തിന് 978 കോടി ചെലവായി
മൂന്നാം ദൗത്യത്തിന് 615കോടി മതി
റോവറും ലാൻഡറും നിർമ്മിക്കാനാണ് 250 കോടി
വനിതയെ മാറ്റി
ചന്ദ്രയാൻ 3ന്റെ പ്രോജക്ട് ഡയറക്ടർ പി. വീരമുത്തുവേലാണ്. രണ്ടാം ദൗത്യത്തിലെ എം. വനിതയെ പേലോഡ്, ഡാറ്റാമാനേജ്മെന്റ് ,സ്പെയ്സ് എക്സിക്യൂഷൻ എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറാക്കി. വനിത ഉൾപ്പെടെ 29 ഡെപ്യൂട്ടി ഡയറക്ടർമാരുണ്ട്. മിഷൻ ഡയറക്ടർ റിതു കരിധാൾ തന്നെയാണ്.