2020-indian-sports-stars
2020 indian sports stars

ഒരുപിടി പ്രതീക്ഷകളുമായി കായിക ലോകം പുതിയൊരു വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഒളിമ്പിക്സും ലോകകപ്പ് ക്രിക്കറ്റും യൂറോ കപ്പ് ഫുട്ബാളുമൊക്കെയായി നിരവധി കായിക മാമാങ്കങ്ങൾ അരങ്ങേറുന്ന ഇൗ വർഷത്തിൽ ഇന്ത്യയുടെ സ്പോർട്സ് സൂപ്പർ സ്റ്റാറുകൾ ആരൊക്കെയായിരിക്കും? 2020 ൽ തങ്ങളുടെ പ്രതിഭകൊണ്ട് വിസ്മയം തീർക്കാൻ ശേഷിയുള്ള അഞ്ച് കായിക താരങ്ങളെക്കുറിച്ച്

ശ്രേയസുള്ള അയ്യർ (ക്രിക്കറ്റ്)

ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കൊഹ്‌ലിയുടെ പിന്തുടർച്ചാവകാശിയാകാൻ ശേഷിയുള്ള താരമാണ് ശ്രേയസ് അയ്യർ. ദേശീയ ടീമിൽ ഇടയ്ക്കിടെ വന്നുംപോയുമിരുന്ന ശ്രേയസ് ഏകദിന, ട്വന്റി 20 ടീമുകളിൽ തന്റെ സാന്നിദ്ധ്യം സ്ഥിരമാക്കിയത് പോയവർഷം ഒടുവിലോടെയാണ്. ഏകദിന ലോകകപ്പിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രശ്നം നാലാം നമ്പർ ബാറ്റ്സ്മാനാവുക ആരെന്നായിരുന്നു. ആ ഉത്തരവാദിത്വം ശ്രേയസിന് നൽകാനുള്ള കോച്ച് രവി ശാസ്ത്രിയുടെ പരീക്ഷണം വിജയമായി.

പോയവർഷത്തെ അനുഭവങ്ങൾ ശ്രേയസിന് പക്വത നൽകിയിട്ടുണ്ട്. വിൻഡീസിനെതിരായ ഏകദിന പരമ്പരകളിൽ തുടർച്ചയായി അർദ്ധ സെഞ്ച്വറികൾ നേടിയ ഇൗ 25 കാരൻ ആകെ കളിച്ച 10 ഏകദിന ഇന്നിംഗ്സുകളിൽ ആറെണ്ണത്തിലും അർദ്ധ സെഞ്ച്വറി കുറിച്ചിരുന്നു. ഇൗവർഷം ഇന്ത്യയ്ക്ക് ട്വന്റി 20 ലോകകപ്പിൽ പ്രതീക്ഷയർപ്പിക്കാൻ കഴിയുന്ന താരം തന്നെയാണ് ശ്രേയസ്.

ഐ.പി.എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ നായകൻ എന്ന നിലയിലും ശ്രേയസിന് പ്രതീക്ഷാ നിർഭരമായ വർഷമാണ് 2020.

ഷൂട്ടിംഗിന്റെ സൗരഭ്യം (ഷൂട്ടിംഗ്)

2008 ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര ഷൂട്ടിംഗിൽ സ്വർണം വെടിവച്ചു വീഴ്ത്തിയിരുന്നു. ഇൗക്കൊല്ലം ടോക്കിയോയിൽ നിന്ന് മറ്റൊരു ഒളിമ്പിക് സ്വർണം ഇന്ത്യയിലേക്ക് എത്തുമെങ്കിൽ അതിന് കൂടുതൽ സാദ്ധ്യത സൗരഭ് ചൗധരി എന്ന ഉത്തർപ്രദേശുകാരനിലൂടെയാണ്.

2018 ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്ന സൗരഭ് 2019 ൽ അന്താരാഷ്ട്ര രംഗത്ത് തന്റെ പേര് ഉറപ്പിക്കുകയായിരുന്നു. ഐ.എസ്.എസ്. എഫ് ലോകകപ്പിൽ ലോക റെക്കാഡ് തകർത്ത് സ്വർണം നേടിയാണ് ടോക്കിയോ ഒളിമ്പിക്സിനുള്ള ബർത്ത് നേടിയത്. മറ്റൊരു കൗമാരതാരം മനു ഭാക്കർക്കൊപ്പം മിക്‌സഡ് ഡബിൾസിലും സ്വർണം നേടി. മ്യൂണിക്കിൽ നടന്ന ലോകകപ്പിൽ ഒന്നാംസ്ഥാനക്കാരനായി ഫിനിഷിംഗ്, റിയോ ഡി ജനീറോ ലോകകപ്പിൽ വെങ്കലം, ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി എന്നിങ്ങനെ നിരവധി മെഡലുകൾ വേറെയും.

വിനേഷ് ഫോഗാട്ട് (ഗുസ്തി)

കഴിഞ്ഞവർഷം നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗ്രീക്കുകാരി മരിയ പ്രവോലാറക്കിയെ മലർത്തിയടിച്ച്

വെങ്കലം നേടിയ ഫോഗാട്ട് സഹോദരിമാരിലെ ഇളമുറക്കാരിയിൽ നിന്ന് ഇന്ത്യ ഒരു ഒളിമ്പിക്സ് മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഗുസ്തിക്കാരിയാണ് വിനേഷ്. റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്ന സാക്ഷി ഫോമൗട്ടാക്കിയ സാഹചര്യത്തിൽ വനിതാ ഗുസ്തിയിൽ വിനേഷിലാണ് എല്ലാപ്രതീക്ഷകളും. എന്നാൽ ഇടയ്ക്കിടെ സംഭവിക്കുന്ന പരിക്കുകൾ തിരിച്ചടിയായേക്കാം.

ഇടിച്ചിടാൻ പംഘൽ

വനിതാ ബോക്സിംഗിൽ എം.സി മേരികോളിന്റേതുപോലെ സ്ഥിരതയാണ് അമിത് പംഘലിന്റെ മുഖമുദ്ര. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ആദ്യ ഇന്ത്യൻ പുരുഷ ബോക്സറായി കഴിഞ്ഞവർഷം ചരിത്രം കുറിച്ച പംഘൽ ഇൗവർഷം വിജേന്ദർ കുമാറിനുശേഷം ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യൻ പുരുഷ ബോക്സറാകാനുള്ള തയ്യാറെടുപ്പിലാണ്.നേരത്തെ 48 കി.ഗ്രാം വിഭാഗത്തിൽ മത്സരിച്ചുകണ്ടിരുന്ന അമിത് ഒളിമ്പിക്സ് ലക്ഷ്യമിട്ട് 51 കി.ഗ്രാം വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. ഭാരവിഭാഗം മാറിയതിനുശേഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടാനായത് ഒളിമ്പിക് പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.

സത്യന്റെ ടേബിൾ (ടേബിൾ ടെന്നിസ്)

ഒളിമ്പിക്സിൽ ഇന്ത്യൻ ടേബിൾ ടെന്നിസ് താരങ്ങൾ ഇതുവരെ വിസ്മയങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല എന്നാൽ സമീപകാലത്തെ സത്യന്റെ അട്ടിമറി വിജയങ്ങൾ ടോക്കിയോയിൽ അത്തരത്തിലൊരു അത്‌‌ഭുതത്തിന് സാദ്ധ്യതയേറ്റുന്നുണ്ട്. കഴിഞ്ഞവർഷം അചാന്ത ശരത് കമാലിൽനിന്ന് ചെങ്കോൽ ഏറ്റുവാങ്ങിയ സത്യൻ ഇന്റർനാഷണൽ ടേബിൾ ടെന്നിസ് ഫെഡറേഷൻ റാങ്കിംഗിൽ ആദ്യ 25 സ്ഥാനത്തിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. ടോപ് 20 ക്ക് അകത്തുള്ള നിരവധി ലോകതാരങ്ങളെ സത്യൻ കഴിഞ്ഞവർഷം അട്ടിമറിച്ചിരുന്നു.

ഏഷ്യൻ കപ്പിൽ ആറാംസ്ഥാനത്തേക്ക് എത്തിയാണ് ടോക്കിയോയിലേക്ക് ടിക്കറ്റെടുത്തത്.

പുതുവർഷ പ്രതീക്ഷകൾ

ടോക്കിയോ ഒളിമ്പിക്സ്

ജൂലായ് 24 മുതൽ ആഗസ്റ്റ് 9 വരെ നടക്കുന്ന ഒളിമ്പിക്സിൽ ചുരുങ്ങിയത് അഞ്ച് മെഡലുകളെങ്കിലും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. 2008 ൽ അഭിനവ് ബിന്ദ്രയുടെ സ്വർണമുൾപ്പെടെ മൂന്ന് മെഡലുകളാണ് ബെയ്ജിംഗിൽ നിന്ന് നേടിയത്.

2012 ൽ സ്വർണം ലഭിച്ചെങ്കിലും മെഡലുകളുടെ എണ്ണം ആറായി ഉയർന്നു. പക്ഷേ 2016 ൽ റിയോയിൽ ബാഡ്മിന്റണിൽ പി.വി.സിന്ധുവിന്റെ വെള്ളിയും ഗുസ്തിയിൽ സാക്ഷിമാലിക്കിന്റെ വെങ്കലവും മാത്രം. ആസ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് ഇക്കുറി ഇന്ത്യ ടോക്കിയോയിൽ ശ്രമിക്കുക. ഷൂട്ടിംഗ്, ഗുസ്തി, ബോക്സിംഗ് എന്നിവയിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ.

ഐ.സി.സി. ലോകകപ്പ്

ഒക്ടോബർ 18 നവംബർ 15

2013 ലെ ചാമ്പ്യൻ ട്രോഫിക്ക് ശേഷം ഇന്ത്യയ്ക്ക് ഒരൊറ്റ ഐ.സി.സി. കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ഇംഗ്ളണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റ് മടങ്ങേണ്ടിവന്നു. ഇൗവർഷം ട്വന്റി 20 ഫോർമാറ്റിലെ ലോകകപ്പാണ് ആസ്ട്രേലിയയിൽ നടക്കുന്നത്. പ്രഥമ ട്വന്റി 20 ലോകകപ്പ് ജേതാക്കളാണ് ഇന്ത്യ.

ഒക്ടോബർ മുതൽ ഡിസംബർവരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയയിലായിരിക്കും.

ഒക്ടോബർ തുടക്കത്തിൽ ട്വന്റി 20 പരമ്പര തുടർന്ന് ട്വന്റി 20 ലോകകപ്പ്. ശേഷം നവംബറിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ.

പടിയിറങ്ങുന്നവർ

മൂന്ന് പതിറ്റാണ്ടോളം നീണ്ട ടെന്നിസ് കരിയറിന് ഇൗവർഷപ്പം കർട്ടനിടുമെന്നാണ് ലിയാൻഡർ പെയ്സ് അറിയിച്ചിരിക്കുന്നത്. ഒളിമ്പിക്സിൽ മെഡൽ നേടി വിരമിക്കണമെന്നാണ് പെയ്സിന്റെ മോഹം.

ഇന്ത്യൻ ക്രിക്കറ്റർ മഹേന്ദ്രസിംഗ് ധോണി വിരമിക്കലിനെക്കുറിച്ച് ഒൗദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ട്വന്റി 20 ലോകകപ്പിന് ശേഷം അതുണ്ടാകുമെന്ന് കരുതുന്നു.