തിരുവനന്തപുരം: മലയാളം പറഞ്ഞ് പ്രവാസികളെ കൈയിലെടുത്തും സംസ്ഥാന സർക്കാരിനെ പുകഴ്‌ത്തിയും ലോകകേരള സഭാ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

'പ്രിയപ്പെട്ട സഹോദരങ്ങളേ' എന്ന അഭിവാദ്യത്തോടെ സംസാരിച്ച് തുടങ്ങിയ ഗവർണർ

'ലോകകേരളസഭയിലെ എല്ലാ അംഗങ്ങൾക്കും എന്റെ ഹൃദ്യമായ നവവത്സരാശംസകൾ, ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതിനിധികളടങ്ങിയ ഈ സഭ ഉദ്ഘാടനം ചെയ്യാൻ അതിയായ സന്തോഷമുണ്ട്.' എന്ന് മലയാളത്തിൽ പറഞ്ഞു.

'ഒന്നിക്കാം സംവദിക്കാം, മുന്നേറാം' എന്ന ലോകകേരള സഭയുടെ മുദ്രാവാക്യവും ഗവർണർ മലയാളത്തിൽ പറഞ്ഞു.

നീതി ആയോഗ് സുസ്ഥിരവികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ പങ്ക് അനുസ്‌മരിച്ചാണ് ഗവർണർ തുടങ്ങിയത്.

'രണ്ടുവർഷം മുൻപ് പ്രവാസികളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവികസനത്തിനുള്ള പങ്കാളികളായി പ്രഖ്യാപിച്ചു. ലോകകേരള സഭ പ്രവാസികളുടെ ആഗോള വേദിയാണ്. ലോകകേരള സഭയ്ക്ക് പ്രവാസികളിൽ വിശ്വാസം ജനിപ്പിക്കാനായി. 27രാജ്യങ്ങളിൽ നിന്നായി 500ലേറെപേർ പങ്കെടുത്ത ഒന്നാം സമ്മേളനത്തിന്റെ ഭാഗമായി ഏഴു കമ്മി​റ്റികൾ രൂപീകരിച്ച് സർക്കാരിന് ശുപാർശകൾ നൽകിയെന്നത് അഭിനന്ദനാർഹമാണ്. ഈ ശുപാർശകളിന്മേൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ പ്രവാസികളിൽ വലിയ വിശ്വാസമാണ് ഉണ്ടാക്കിയത്. അതിന് തെളിവാണ് രണ്ടാം സമ്മേളനത്തിലെ വർദ്ധിച്ച പങ്കാളിത്തം. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ പങ്കാളിത്തം സംസ്ഥാനത്തിന്റെ വികസനത്തിന് ഉറപ്പാക്കുന്നതിനും ലോകകേരള സഭ അവസരം ഉണ്ടാക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതോടെ വികസനത്തിൽ വലിയ മാറ്റമുണ്ടാകും. മലയാളികൾ വിദേശ രാജ്യങ്ങളിൽ നേരിടുന്ന നിയമപരവും തൊഴിൽപരവും മനുഷ്യാവകാശവും സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കാൻ സംസ്ഥാന,കേന്ദ്ര സർക്കാരുകളെ സഹായിക്കാൻ ലോകകേരള സഭയ്ക്ക് കഴിയും'-ഗവർണർ പറഞ്ഞു.

ലോകകേരള സഭ നിക്ഷപ സംഗമമോ, നിക്ഷേപ കൂട്ടായ്മയോ അല്ലെന്നും യാതന അനുഭവിക്കുന്നവർ മുതൽ വലിയ നിക്ഷേപകരും സംരംഭകരും വരെ അടങ്ങിയ വൈവിദ്ധ്യമാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. മന്ത്റിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോംജോസ്, എം.എ. യൂസഫലി, രവി പിള്ള, ഡോ. എം. അനിരുദ്ധൻ, ആസാദ് മൂപ്പൻ, മേതിൽ രേണുക തുടങ്ങിയവർ സംസാരിച്ചു. മേയർ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, റിട്ടയേർഡ് ജസ്​റ്റിസ് കെ.ജി. ബാലകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കവി പ്രഭാവർമ്മ രചിച്ച്, ശരത് ഈണം പകർന്ന് ആശാ ശരത് അവതരിപ്പിച്ച മുദ്റാഗാനത്തിന്റെ ദൃശ്യാവിഷ്‌കാരമുണ്ടായിരുന്നു. തുടർന്ന് സൂര്യകൃഷ്ണമൂർത്തി ചിട്ടപ്പെടുത്തിയ 'അഗ്‌നി' മെഗാഷോ അരങ്ങേറി.