കോവളം: പാച്ചല്ലൂരിൽ വീട് കുത്തിത്തുറന്ന് 16 പവൻ സ്വർണം കവർന്നു. പാച്ചല്ലൂർ തോപ്പടി ടി.സി 65 / 2873 രോഹിണിയിൽ സ്വകാര്യ ആശുപത്രി ജീവക്കാരനായ അരുൺ ലാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. 31 ന് രാവിലെ 8.30 ന് അരുൺലാലും ഭാര്യ രോഹിതയും വീടും മുൻഭാഗത്തെ ഗേറ്റും പൂട്ടി തിരുവല്ലത്തെ ബന്ധുവീട്ടിൽ ന്യൂ ഈയർ ആഘോഷത്തിന് പോയിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി വ്യക്തമായി. രണ്ടാം നിലയിലെ ഇരുമ്പ് അലമാര തുറന്ന നിലയിലായിരുന്നു. ഒന്നാം നിലയിലെ തടികൊണ്ടുള്ള അലമാര തകർത്തിരുന്നു. വീടിന്റെ മുൻവശത്തെ പടി മുതൽ മുറികളിലെ പല ഭാഗങ്ങളിലും മുളക്പൊടി വിതറിയിട്ടുണ്ടായിരുന്നു. അരുൺലാലിന്റെ ഭാര്യയുടെ അച്ഛനും അമ്മയും ഇവിടെയാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് തിരുവല്ലം പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എത്തി പരിശോധ നടത്തി. സമീപത്തെ സി.സി ടിവി കാമറ പരിശോധിച്ചതിൽ ഇന്നലെ പുലർച്ചെ 3.15 ഓടെ രണ്ട് പേർ വീടിന്റെ മതിൽ ചാടിക്കടക്കുന്നതായുള്ള ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.