തിരുവനന്തപുരം: നഗരത്തിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി കാമറകൾ പ്രവർത്തനക്ഷമമാണോ എന്ന് സിറ്റി പൊലീസ് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്. ഡിസംബർ 29 ന് ശാസ്തമംഗലം - വെള്ളയമ്പലം റോഡിൽ ഒരാളുടെ മരണത്തിന് കാരണമായ കാർ കണ്ടെത്താൻ ആവശ്യമായ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന പൊലീസ് വിശദീകരണത്തെ തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. യൂബർ ഈ​റ്റ്‌സ് ജീവനക്കാരനായ അബ്ദുൾ റഹിമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേ​റ്റ മ​റ്റൊരാൾ ആശുപത്രിയിലാണ്.
അതീവ സുരക്ഷാ മേഖലയായ വെള്ളയമ്പലം- കവടിയാർ റോഡിന് സമീപമാണ് അപകടം നടന്നത്. രാജ്ഭവന് തൊട്ടടുത്താണ് അപകടമുണ്ടായത്. ജനപ്രതിനിധികൾ അടക്കം നിരവധി പ്രധാന വ്യക്തികൾ ഇവിടെ താമസിക്കുന്നുണ്ട്. എന്നിട്ടും ഇടിച്ച കാർ കണ്ടെത്താൻ കഴിഞ്ഞില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിക്കുന്ന കാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ബാധ്യത അധികൃതർക്കുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.