തിരുവനന്തപുരം: അരിപ്പ ഭൂസമരം കൃഷിഭൂമി നൽകി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും അരിപ്പ സമര ഭൂമിയിൽ സമരക്കാർ നിർമ്മിച്ചെടുത്ത എട്ട് ഏക്കർ നെൽകൃഷി വിദ്ധ്വംസക പ്രവർത്തനം എന്ന പേരിൽ നിരോധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ സമരം നടത്താനെത്തിയവരെ അറസ്റ്റുചെയ്തു നീക്കിയ നടപടി അന്വേഷിക്കണമെന്ന് സമരസമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ 100 മണിക്കൂർ പട്ടിണി കഞ്ഞിവെപ്പ് സമരം നടത്താനെത്തിയ സമരക്കാരെയാണ് സുരക്ഷയുടെ പേരിൽ സമരം ചെയ്യാൻ അനുവദിക്കാതെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സമര നേതാവ് ശ്രീരാമൻ കൊയ്യേനെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കിയതും ഇതു തടയാൻ ശ്രമിച്ച സ്ത്രീകളുൾപ്പെടെയുള്ള സമരക്കാർക്കു നേരെ പൊലിസ് ബലം പ്രയോഗിക്കുകയും ചെയ്‌തെന്ന് സമരസമിതി ആരോപിച്ചു.