kerala-sabha

തിരുവനന്തപുരം ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് നിയമസഭാ മന്ദിരത്തിൽ ഉജ്വല തുടക്കം. സഭയുടെ സമീപന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം അവരുടെ ക്ഷേമത്തിനും മുൻഗണന നൽകുമെന്നും പുതിയ സംരംഭങ്ങൾക്ക് പണവും ഇളവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി നിക്ഷേപം നാടിന്റെ വികസനത്തിനുപയോഗിക്കുന്നത് അപരാധമായി കാണേണ്ടതില്ല. കുടുംബത്തിനും തലമുറകൾക്കും വേണ്ടിയാണ് പ്രവാസികൾ ഇവിടെ നിക്ഷേപിക്കുന്നത്. പ്രവാസിപ്പണം ചിന്നിച്ചിതറി പോവാതെ നാടിന് വികസനമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

സംസ്ഥാനത്താകെ പ്രവർത്തനപരിധിയുള്ള പ്രവാസി സഹകരണ സംഘങ്ങൾ പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി നിർമ്മാണ കമ്പനി, പ്രവാസി വനിതാ സെൽ, നൈപുണ്യ വികസന പദ്ധതികൾ, വിദേശ ഭാഷ പഠിപ്പിക്കൽ എന്നിവയെല്ലാം അതിൽപെടും. ലോകകേരള സഭ വെറും ആരംഭശൂരത്വമായിരുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാവും. പ്രവാസികളുടെ വിഭവം മാത്രമല്ല അറിവും നൈപുണ്യവും ഇങ്ങോട്ടെത്തണം. അതിലൂടെ യുവതലമുറയെ ശക്തമാക്കണം

പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരിത കാലത്ത് കേരളത്തിനൊപ്പം ആളും അർത്ഥവും നൽകി പ്രവാസികൾ ഒപ്പം നിന്നു. കേരള പുനർനിർമ്മാണത്തിന് ഇപ്പോഴും വലിയ സഹായം നൽകുന്നു. പ്രവാസികളുടെ കരുണയും കരുതലും ഒരുകാലത്തും മറക്കാനാവില്ല. വിസ നിയന്ത്രണത്തിലടക്കമുള്ള പുതിയ നിയന്ത്രണങ്ങൾ പ്രവാസികളുടെ ഭാവിയിൽ ആശങ്കയുണ്ടാക്കുന്നതാണ്. തൊഴിൽനിയമങ്ങൾ തൊഴിലാളികൾക്ക് അനുകൂലമാക്കാൻ ചില ഗൾഫ് രാജ്യങ്ങൾ തയ്യാറാവുന്നത് ആശ്വാസമാണ്.

പ്രവാസിപ്പണം ക്രിയാത്മകമായി വികസനത്തിന് ഉപയോഗിക്കണം. ലോകത്തേറ്റവും പ്രവാസിപ്പണം ലഭിക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ കുടിയേറ്റം സംബന്ധിച്ച കൃത്യമായ സ്ഥിതിവിവര കണക്ക് ലഭ്യമല്ല. കുടിയേറ്റക്കാരുടെ യഥാർത്ഥ കണക്ക് കേന്ദ്രം പുറത്തുവിടുന്നില്ല. ഈ നിലപാട് തിരുത്തണം. എവിടെയാണ് കൂടുതൽ തൊഴിൽ, ഏതു മേഖലയിലാണ് കുടിയേറ്റ സാദ്ധ്യത കൂടുതൽ എന്നിവ മനസിലാക്കി പുനക്രമീകരണം നടത്തും. ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റത്തിൽ കുറവുണ്ടായിട്ടുണ്ട്. സ്വദേശിവത്കരണമാണ് മുഖ്യകാരണം..

ക്ഷേമ, വികസന കാര്യങ്ങളിൽ കേരളത്തിൽ കുതിച്ചുചാട്ടമാണിപ്പോൾ. ജീവിത നിലവാരത്തിൽ വികസിത രാജ്യങ്ങൾക്കൊപ്പമെത്തി. വിശ്വാസമർപ്പിക്കാവുന്ന നിക്ഷേപങ്ങൾക്ക് പറ്റിയ സ്ഥലമായി കേരളം മാറി. സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിൽ കേന്ദ്രീകരിക്കുന്നു. വർദ്ധിച്ച പ്രതിഫലം ഉറപ്പാക്കുന്ന തരത്തിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താം. തങ്ങളുടെ നിക്ഷേപം പ്രവാസികൾക്ക് നാടിന്റെ മൂലധന നിക്ഷേപമാക്കി മാറ്റാം. പരമ്പരാഗത രീതികൾ വിട്ട് പുതിയ രീതികൾ തേടുകയാണ് സർക്കാർ. കേരള വികസന പദ്ധതികളിൽ സഹകരിക്കണമെന്ന് പ്രവാസികളോട് അഭ്യർത്ഥിക്കുന്നു.

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി

കുടിയേറ്റത്തെയും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെയോ കുറിച്ച് ദേശീയ നയമില്ലെന്നത് ഗുരുതരമാണെന്ന് പിണറായി പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങൾ കണ്ടെല്ലന്ന് നടിക്കുന്ന കേന്ദ്രനയം മനുഷ്യത്വരഹിതവും നിതിക്ക് നിരക്കാത്തതുമാണ്. പ്രവാസികളുടെ ക്ഷേമത്തിനായുള്ള നിയമനിർമ്മാണത്തിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്ത പ്രവാസിപ്പണം കൊണ്ട് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കനക്കുന്നു.. എന്നാൽ പ്രവാസികളുടെ ക്ഷേമകാര്യത്തിന് സമയമില്ലന്ന സ്ഥിതി തുടരരുത്. വിദേശനാണ്യ ശേഖരം കേന്ദ്രത്തിനും അതുണ്ടാക്കി തരുന്നവരുടെ ക്ഷേമം സംസ്ഥാനത്തിനും എന്ന നിലയാണിപ്പോൾ.. സംസ്ഥാനത്തിന് ചെയ്യാവുന്നത് പരമാവധി ചെയ്യുന്നുണ്ട്.. കുടിയേറ്റക്കാരുടെ കാര്യത്തിൽ ഇടപെടാൻ കേന്ദ്രത്തിന് സംവിധാനമില്ലാത്തതിനാൽ പ്രീ ഡിപ്പാർച്ചർ സെന്റർ തുടങ്ങി. നൈപുണ്യ വികസനത്തിന് കേന്ദ്രത്തിന് പദ്ധതിയില്ല. ഇവിടെ നൈപുണ്യ വികസന കോഴ്സുകൾ തുടങ്ങി. ഓരോ രാജ്യത്തിനും ആവശ്യമുള്ള നൈപുണ്യവത്കരണം നൽകും. ഉദ്യോഗാർത്ഥികൾ തട്ടിപ്പിനിരയാവുന്നത് തടയാൻ കേന്ദ്രം ഇടപെടുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാനം കൂടുതൽ ശ്രദ്ധിക്കും. വേതനം തടഞ്ഞുവയ്ക്കൽ, തട്ടിപ്പുകൾ എന്നിവയിൽ ഇടപെടാൻ എംബസികളെ സജ്ജമാക്കണം. ചിലയിടങ്ങളിൽ വേണ്ട ഇടപെടലുണ്ടാവുന്നില്ല.. അതിനായി സംസ്ഥാന സർക്കാർ പ്രവാസി ലീഗൽ സെൽ തുടങ്ങി.

പ്രവാസി ക്ഷേമത്തിനായി ഭാവനാ പൂർണമായ പദ്ധതികൾ ഒരുക്കും. മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് ദേശീയതലത്തിൽ പദ്ധതികളില്ല. നോർക്ക, പ്രവാസി ക്ഷേമബോർഡ് പദ്ധിതികൾ വിപുലമാക്കും. കേന്ദ്ര, സംസ്ഥാന ഓഹരിയോടെ കൺസോർഷ്യം ആലോചിക്കാവുന്നതാണ്. കേന്ദ്രത്തെ കൊണ്ട് ദേശീയ കുടിയേറ്റ നയം രൂപീകരിപ്പിക്കണം. വിദേശനാണ്യം നേടിത്തരുന്നവരുടെ ക്ഷേമത്തിനായുള്ളതാവണം ഇത്.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ പരിശോധന ആവശ്യമുള്ളവരെന്നും ഇല്ലാത്തവരെന്നും തിരിക്കുന്നത് അവസാനിപ്പിക്കണം. കേന്ദ്രത്തിന്റെ പുതിയ എമിഗ്രേഷൻ ബില്ലിൽ ഇടനിലക്കാരെ നിയന്ത്രിക്കൽ, കുടിയേറ്റത്തിലെ വേർതിരിവ് എന്നിവയ്ക്ക് വ്യവസ്ഥയുണ്ടാവണം.