സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ പരുന്ത് ചുറ്റും പകച്ചുനോക്കി.
ആഢ്യൻപാറയിലെ വിള്ളലുകളിലൂടെ കുതിച്ചുപായുന്നത് നരകത്തിലെ തിളച്ച വെള്ളമാണെന്ന് അയാൾക്കു തോന്നി.
ആ ചിന്തയെ മുറിച്ചുകൊണ്ട് കറുത്ത വേഷത്തിന്റെ അടുത്ത ചോദ്യം വന്നു.
''ഇത്രയും കാലം നീ കൊന്നും കവർന്നും ക്വട്ടേഷൻ ചെയ്തും നേടിയതൊക്കെ പ്രയോജനമില്ലാതാകുന്നത് നീ അറിയുന്നുണ്ടോ പരുന്തേ?
നിന്നെക്കൊണ്ട് ഓരോന്നു ചെയ്യിച്ചവരിൽ ആരെങ്കിലും നിന്റെ രക്ഷയ്ക്ക് എത്തുന്നുണ്ടോ?"
''ഇ...ല്ല." പരുന്തിന്റെ വരണ്ട ചുണ്ടനങ്ങി.
''പിന്നെ നീ ചെയ്തുകൂട്ടിയ ദുഷ്‌പ്രവൃത്തികൾകൊണ്ട് ആർക്ക് എന്തുനേട്ടം? നഷ്ടങ്ങളല്ലാതെ?"
പരുന്തിന് ഉത്തരമില്ല.
''നീയും നിന്നെപ്പോലെയുള്ള എല്ലാ അവന്മാരും ഇതൊക്കെ ഓർക്കണം. വാളെടുത്തവൻ വാളാൽ എന്ന്. നീ ഒരാളുടെ വയറ്റത്ത് കത്തി കയറ്റുമ്പോൾ ആയിരം കത്തികൾ നിനക്കായി എവിടെയൊക്കായോ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞുവെന്ന്..."
ജലപാതത്തിന്റെ ഹുങ്കാരത്തിനും മീതെ ആ ശബ്ദം അലയടിച്ചു.
''അർഹതയില്ലാത്തത് ആഗ്രഹിക്കരുത്. അങ്ങനെ നിങ്ങൾ അപഹരിച്ച കോവിലകത്തെ നിധികൊണ്ട് നിനക്ക് പ്രയോജനമുണ്ടായോ? പ്രജീഷിനോ കിടാക്കന്മാർക്കോ ഗുണമുണ്ടായോ?"
പരുന്ത് റഷീദ് പെട്ടെന്നു മുഖമുയർത്തി.
''പ്രജീഷിന് എന്തുപറ്റി?"
''അത് നീ തന്നെ നേരിൽ ചോദിച്ചറിഞ്ഞാൽ മതി. പരലോകത്തെ പാപക്കുഴിയിൽ അയാളും ഉണ്ടാവും നിന്നെയും കാത്ത്..."
''അപ്പോൾ നിധി... അത് ആരുടെ കയ്യിലാ?"
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല പരുന്തിന്.
കറുത്ത വേഷം ഒന്നുകൂടി ചിരിച്ചു.
''ഇതാണു മനുഷ്യൻ. മരണത്തിന് ഒപ്പം നിൽക്കുമ്പോഴും ഒടുക്കത്തെ ത്വരയ്ക്കൊരു കുറവുമില്ല. എന്നോ എപ്പോഴോ ഞാൻ കേട്ട ഒരു കഥയുണ്ട്. ഒരു പാമ്പ് തവളയെ വിഴുങ്ങിക്കാെണ്ടിരിക്കുന്നു... തവളയുടെ അരയ്ക്കു കീഴോട്ടുള്ള ഭാഗം പാമ്പിന്റെ വായിലാണ്. അപ്പോഴും തന്റെ മുന്നിലൂടെ പറന്നുവന്ന ഒരു പ്രാണിയെ തവള നാക്കുനീട്ടി പിടിക്കുന്നു..." നിന്റെ കാര്യവും അതുപോലെതന്നെ പരുന്തേ... അതുകൊണ്ട് ഇനി സംസാരിച്ചു നിൽക്കാൻ സമയമില്ല. നീ പൊയ്‌ക്കോ വേഗം."
''ങ്‌ഹേ?" പരുന്ത് റഷീദിന് അത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.
തന്നെ വെറുതെ വിട്ടെന്നോ?
''എന്താ... എന്താ പറഞ്ഞത്?"
അയാൾ വീണ്ടും തിരക്കി.
''പൊയ്‌ക്കൊള്ളാൻ...."
സന്തോഷത്തോടെ പരുന്ത് മുന്നോട്ടാഞ്ഞു.
അപ്പോൾ അവിടെ നിന്നിരുന്ന കരിവേഷക്കാർ തള്ളിവന്നു.
''ഇവരോട് ഒന്നു മാറാൻ പറ." മുന്നിൽ, ഇതുവരെ സംസാരിച്ചുകൊണ്ടു നിന്നിരുന്ന ആളിനോട് പരുന്തു പറഞ്ഞു.
''എന്തിന് ?"
കരിവേഷം അജ്ഞത നടിച്ചു.
''എന്നോട് പോകാൻ പറഞ്ഞിട്ട്..."
പറഞ്ഞത് സത്യമാ പൊയ്‌ക്കോ.
''അല്ലാ... ഇവര് വഴി തരാതെ..."
അയാൾ പകുതിക്കു നിർത്തി.
''അതിന് നീ ഇങ്ങോട്ടല്ലല്ലോ പോകുന്നത്?"
''പിന്നെ?"
''ദേ... അവിടേക്ക്."
കരിവേഷം, പരുന്തിനു പിന്നിലേക്കു കൈ ചൂണ്ടിയതും കാലുയർത്തി ചവുട്ടിയതും ഒന്നിച്ചായിരുന്നു.
''ആ..."
ബാലൻസുതെറ്റിയ പരുന്ത് പിന്നോട്ടു മലർന്നു. പിന്നെ പറക്കും പോലെ താഴേക്കു പോയി... പിന്നാലെ നിലവിളിയും.
താഴത്തെ പാറയിൽ മലർന്നടിച്ചുവീഴുന്ന ഒച്ച.
കരിവേഷങ്ങൾ പാറയുടെ വിളുമ്പിൽ വന്നുനിന്ന് താഴേക്കു നോക്കി.
പരുന്ത് ഒറ്റത്തവണ മാത്രം ഒന്നു വെട്ടിപ്പിടഞ്ഞു. പിന്നെ അനങ്ങിയില്ല.
''നോക്ക്."
മുന്നിൽ നിന്ന കറുത്ത വേഷം കൽപ്പിച്ചു.
ഉടൻ രണ്ടുപേർ പാറകളിൽ ഇടംവലം ചാടിചാടി താഴേക്കുപോയി.
കുരങ്ങുകൾ ചാടുന്നതുപോലെ... താഴെയെത്തി അവർ പരുന്തിനെ പരിശോധിച്ചു. പിന്നെ വിളിച്ചു പറഞ്ഞു.
''കഴിഞ്ഞു."
''എങ്കിൽ എടുത്ത് കളഞ്ഞേര്. എന്നിട്ട് വേഗം വാ...."
താഴെയെത്തിയവർ പരുന്തിന്റെ കൈകാലുകളിൽ പിടിച്ചു. പിന്നെ വീശിയെറിഞ്ഞു.
പാറകൾക്കിടയിൽ കുത്തിയൊഴുകുന്ന ജലത്തിലേക്ക്.
ഒരിക്കൽ പാഞ്ചാലി തീ പിടിച്ചുവീണ അതേ ഭാഗത്തേക്ക്...
പരുന്തിന്റെ പുറത്തുകൂടി ആദ്യം ജലം കുത്തിമറിഞ്ഞു. പിന്നെ അയാളെ ഒഴുക്കി പാറയിടുക്കിൽ എവിടെയോ കൊണ്ടുപോയി ഒളിപ്പിച്ചു.
***********
നിലമ്പൂർ പോലീസ് സ്റ്റേഷൻ.
അറസ്റ്റുചെയ്തുകൊണ്ടുവന്നവരിൽ ബലഭദ്രൻ തമ്പുരാൻ ഒഴികെയുള്ളവരെ സെല്ലിൽ അടച്ചു.
തമ്പുരാനു മാത്രം വിസ്റ്റേഴ്സ് ഇരിക്കാറുള്ള ഭാഗത്ത് ഒരു ഇരിപ്പിടം നൽകി.
''അവരെപ്പോലെതന്നെ ഞാനും കുറ്റവാളിയാണല്ലോ അലിയാർ? ഞാനും സെല്ലിൽ കഴിഞ്ഞോളാം."
തമ്പുരാൻ സി.ഐയോടു പറഞ്ഞു.
തന്റെ ക്യാബിനിലേക്കു കയറാൻ ഭാവിക്കുകയായിരുന്ന അലിയാർ ഹാഫ് ഡോറിൽ പിടിച്ചുകൊണ്ട് മെല്ലെ തിരിഞ്ഞു.
ശേഷം പുഞ്ചിരിച്ചു.
''അവരെപ്പോലയല്ല തമ്പുരാൻ, താങ്കൾ ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവൻ. വിലപ്പെട്ട അതിഥി."
തമ്പുരാന് അത് മനസ്സിലായില്ല. എങ്കിലും അയാളും ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അത് വിഫലമായി.
അലിയാർ അകത്തേക്കു കയറിപ്പോയി.
ശേഷം എസ്.പി ഷാജഹാനുമായി ഫോണിൽ സംസാരിച്ചു. വളരെ ശബ്ദം താഴ്‌ത്തി.
അവിടെ നിന്ന് ഇങ്ങോട്ടു പറഞ്ഞതൊക്കെ മൂളി കേൾക്കുകയും ചെയ്തു.
അവസാനം ഷാജഹാന്റെ ചോദ്യം വന്നു.
''നാളെ പകൽ അവസാനിക്കും മുൻപ് എല്ലാം കലങ്ങിത്തെളിയും എന്നാണോ അലിയാരേ?"
''ഒരു ചെറിയ മാറ്റമുണ്ട് സാർ... ഞാൻ കലക്കിത്തെളിക്കും." അലിയാർ കോൾ മുറിച്ചു.
(തുടരും)