arif-mohammad-khan

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അധികാര പരിധിയിൽപ്പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമയം ചെലവിടേണ്ടത്. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രമേയം അപ്രസക്തമാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന ദേശീയ വേദാന്തസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ അനധികൃത കുടിയേറ്റക്കാർ ഇല്ലാത്തതിനാൽ ഈ നിയമം കേരളത്തെ ഒരുതരത്തിലും ബാധിക്കില്ല. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നതിനും പരാതി പറയുന്നതിലും പ്രശ്‌നമില്ല. എന്നാൽ കേരളത്തെ ബാധിക്കാത്ത വിഷയങ്ങളിൽ ഇങ്ങനെ പ്രതികരിക്കുന്നത് സമയനഷ്ടമുണ്ടാക്കും. ചരിത്ര കോൺഗ്രസിനിടെയുണ്ടായ പ്രതിഷേധം പൊലീസിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്നും ഗവർണർ വിശദീകരിച്ചു. സർവകലാശാലയാണ് പരിപാടി സംഘടിപ്പിച്ചത്. അതിരുകടക്കുന്നു എന്ന് തോന്നിയാൽ ചാൻസലർ എന്ന നിലയിൽ ഇടപെടാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ നിരാകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബി.ജെ.പിയുടെ അംഗീകൃത ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ദിരാഭവനിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ പ്രതികരിക്കാൻ നിയമസഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്. അതിന്റെ ഭരണഘടനാ സാദ്ധ്യത പരിശോധിക്കേണ്ടത് നിയമജ്ഞരാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.