അയലത്തെ കേശവന് വയസ് അൻപത്. വിട്ടുമാറാത്ത ചുമയുമായാണ് എത്തിയത്. പുകവലിക്കാരനായ കേശവന്റെ മറ്റ് ലക്ഷണങ്ങളിൽ പന്തികേട് തോന്നി എക്സ് റേ എടുത്തശേഷം കുഴപ്പം മനസിലാക്കിയതിനാൽ സ്കാനിംഗിന് നിർദ്ദേശിച്ചു. കൃത്യം രണ്ടുമാസം തികയും മുമ്പ് കേശവൻ മരണത്തിന് കീഴടങ്ങി.
മിനി, 20 വയസ്. ആറുമാസത്തിലേറെ പഴകിയ ചുമയുമായാണ് വന്നത്. ലക്ഷണങ്ങളിൽ നിന്നുതന്നെ രോഗം പിടികിട്ടി. ഗുളികകൾ മാത്രം നൽകി. രണ്ട് ദിവസത്തിനകം ചുമ നിശേഷം മാറി. ചുമ എണ്ണമറ്റ രോഗങ്ങളുടെ പ്രകടമാകുന്ന ഏക ലക്ഷണമാവാം. മാരകമായ രോഗങ്ങൾ തൊട്ട് നിസാരമായ അലർജിവരെ ചുമയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാം. ഇവിടെ കേശവന് ചുമയുണ്ടാക്കിയ രോഗം ശ്വാസകോശാർബുദവും മിനിയുടേത് അലർജിയുമായിരുന്നു.
ശ്വസനേന്ദ്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ട നാഡീ വ്യൂഹത്തിന്റെ പരിധിയിലുള്ള അവയവങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളോ രോഗാവസ്ഥയോ ആണ് ചുമയുണ്ടാക്കുന്നത്. ശ്വാസനാളം വൃത്തിയാക്കുന്നതിനുള്ള ഫലപ്രദമായ മാർഗംകൂടിയാണിത്. ശ്വസനാളം ഏതെങ്കിലും വസ്തുക്കളാൽ തടസപ്പെട്ടുപോയാൽ ശക്തമായൊരു ചുമ ചിലപ്പോൾ ജീവൻ രക്ഷിച്ചേക്കാം.
അണുബാധയാണ് ചുമയുടെ കാരണങ്ങളിൽ ഒന്നാമൻ. സാധാരണ ജലദോഷത്തിന് മുതൽ എയ്ഡ്സുമായി ബന്ധപ്പെട്ട മാരക ന്യൂമോണിയയ്ക്കുവരെ ചുമയാണ് പ്രഥമ ലക്ഷണം. എച്ച് വൺ എൻ വൺ രോബാധയിലും ആദ്യലക്ഷണം ചുമയാണ്. മഴക്കാലത്ത് അണുബാധയുടെ തോത് കൂടുന്നതിനാൽ ചുമയുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടും. അണുബാധ മൂലമുള്ള ചുമയോടൊപ്പം കഫവും പനിയും സാധാരണമാണ്. ഇത്തരം ചുമ അനുയോജ്യമായ ആന്റിബയോട്ടിക്കുകൾ കൊണ്ട് മിക്കവാറും ഭേദപ്പെടുത്താം.
ഡോ.കെ.വേണുഗോപാൽ
സീനിയർ കൺസൾട്ടന്റ്,
ശ്വാസകോശ രോഗം മേധാവി,
സംസ്ഥാന ആരോഗ്യ വകുപ്പ്.
ഫോൺ: 9447162224.